rizwan
സി.പി. റിസ്വാൻ

കൊച്ചി: യു.എ.ഇ ട്വന്റി-20 ടീമിന്റെ ക്യാപ്ടനായ സന്തോഷത്തിലും അഭിമാനത്തിലുമാണ് മലയാളി താരവും തലശേരി സ്വദേശിയുമായ സി.പി റിസ്വാൻ. ഏഷ്യാകപ്പ് ക്വാളിഫയറിനുള്ള ടീമിന്റെ ക്യാപ്ടനായാണ് 34കാരനായ റിസ്വാനെ എമിറേറ്റ്സ് ക്രിക്കറ്റ് ബോർഡ് തിരഞ്ഞെടുത്തത്. റിസ്വാന്റെ ക്യാപ്ടൻസിയിൽ അദ്യമായി കളിച്ച മത്സരത്തിൽ കഴിഞ്ഞ ദിവസം കുവൈറ്റിനോട് 1 വിക്കറ്റിന് തോറ്റെങ്കിലും ടീമിന്റെ ഏഷ്യാകപ്പ് പ്രതീക്ഷകൾ അവസാനിച്ചിട്ടില്ല. ക്വാളിഫയർ കടന്നാൽ ഏഷ്യാകപ്പിൽ ഇന്ത്യയും പാകിസ്ഥാനും ഉൾപ്പെടുന്ന ഗ്രൂപ്പിലാകും യു.എ.ഇ എത്തുക.

കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) 2012 - 13 ബാച്ചിലെ ഇൻസ്ട്രുമെന്റേഷൻ ഡിപ്പാർട്ട്‌മെന്റിലെ വിദ്യാർത്ഥിയായിരുന്ന റിസ്വാൻ അടുത്തിടെ അബുദാബിയിൽ നടന്ന അയർലൻഡ്‌ -യു.എ.ഇ മത്സരത്തിൽ സെഞ്ച്വറി നേടിയിരുന്നു. അന്താരാഷ്ട്ര ക്രിക്കറ്റിൽ സെഞ്ച്വറി നേടുന്ന ആദ്യമലയാളിയാണ് റിസ്വാൻ. പഠനകാലത്ത് കുസാറ്റ് ക്രിക്കറ്റ് ടീം ക്യാപ്ടനായിരുന്നു. കേരളത്തിന്റെ അണ്ടർ 17,​അണ്ടർ 25 ടീമുകളിൽ കളിച്ചിട്ടുണ്ട്. രഞ്ജി ടീമിലും ഇടം നേടിയിട്ടുണ്ട്. തലശേരി സൈദാർ പള്ളിയിൽ പൂവത്താങ്കണ്ടിയിൽ എം.പി.അബ്ദുൽ റൗഫിന്റെയും സി.പി.നസ്റീനിന്റെയും മകനാണ്. 2014 മുതൽ ദുബായിൽ ജോലി ചെയ്യുന്ന റിസ്വാൻ 2019ലാണ് യു.എ.ഇ.ക്ക് വേണ്ടി അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ചത്.