
ആലുവ: ലക്ഷക്കണക്കിന് ജനങ്ങളുടെ കുടിവെള്ള സ്രോതസായ 'പെരിയാറിനെ സംരക്ഷിക്കുക, പെരിയാർ മാലിന്യ മുക്തമാക്കുക’ എന്ന കാമ്പയിന്റെ ഭാഗമായി ആലുവ പെരിയാർ റിവർ സ്വിമ്മേഴ്‌സിന്റെ നേതൃത്വത്തിൽ പെരിയാർ ശുചീകരിച്ചു. ആലുവ ജലശുദ്ധീകരണ ശാലയുടെ പരിസരങ്ങളും റെയിൽവേ ഓവർ ബ്രിഡ്ജിന്റെ സമീപ പ്രദേശങ്ങളിലുമെല്ലാം അടിഞ്ഞുകൂടിയ പുല്ലും പായലും മാലിന്യങ്ങളും നീക്കം ചെയ്തത്.
പുല്ലും പായലും കുളവാഴയുമെല്ലാം പെരിയാറിന്റെ ഓരങ്ങളിലും റെയിൽവേ ഓവർ ബ്രിഡ്ജ് തൂണുകളിലും അടിഞ്ഞുകൂടിയിട്ടുള്ളതിനാൽ 'ഓപ്പറേഷൻ വാഹിനി'യിൽ ഉൾപ്പെടുത്തി ശുചീകരിക്കണമെന്ന് അംഗങ്ങൾ ആവശ്യപ്പെട്ടു. പെരിയാറിന്റെ സംരക്ഷണം നഗരസഭയുടെ പ്രഥമ പരിഗണനയിലുണ്ടെന്നും തടസങ്ങൾ നീക്കി പുഴയിലെ ഒഴുക്ക് സുഗമമാക്കുവാൻ നടപടിയെടുക്കുമെന്നും മുനിസിപ്പൽ ചെയർമാൻ എം.ഒ. ജോൺ അറിയിച്ചു. ശുചീകരണം എം.ഒ. ജോൺ ഉദ്ഘാടനം ചെയ്തു. കൗൺസിലർമാരായ ദിവ്യ സുനിൽ, കൗൺസിലർ കെ. ജയകുമാർ, പി.എം. സഹീർ, നഹാസ് എന്നിവർ സംസാരിച്ചു.
ശുചീകരണ പ്രവർത്തനങ്ങൾക്ക് ഷാജി ആലുവ, ഹൈദർ, നഹാസ്, അബ്ദുൽ റഷീദ്, ആനന്ദ്, സഹീർ, ഹംസ, സുമേഷ്, ദീപു, രാജേഷ്, സുനിൽ, അബ്ദുൽ അസീസ്, ഷംസു, സൂരജ്, അജ്മൽ, മുരുകൻ, സജി, മനോജ്, സഗീർ തുടങ്ങിയവർ നേതൃത്വം നൽകി.