vikrant-ship

കൊച്ചി: രാജ്യം ആദ്യമായി ആഭ്യന്തരമായി രൂപകല്പന ചെയ്ത് കൊച്ചി കപ്പൽശാല നിർമ്മിച്ച വിമാനവാഹിനി കപ്പൽ വിക്രാന്ത് അടുത്തമാസം രണ്ടിന് നാവികസേനയുടെ ഭാഗമാകും. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് വിക്രാന്തിനെ നാവികസേനയുടെ കപ്പൽവ്യൂഹത്തിൽ ഉൾപ്പെടുത്തുക. രാവിലെ 11ന് കപ്പൽശാലയിലാണ് ചടങ്ങ്.

സേനാവ്യൂഹത്തിൽ ചേർക്കുന്നതോടെ കപ്പൽ ഐ.എൻ.എസ് വിക്രാന്ത് എന്ന് അറിയപ്പെടും. 20,000 കോടിയാണ് നിർമ്മാണച്ചെലവ്. നാവികസേന ഇന്ത്യയിൽ നിർമ്മിച്ച ഏറ്റവും വലിയ കപ്പലാണിത്. 76 ശതമാനം ഘടകങ്ങളും ഇന്ത്യൻ നിർമ്മിതമാണ്. 26 യുദ്ധവിമാനങ്ങളും 10 ഹെലികോപ്ടറുകളും വഹിക്കാൻ ശേഷിയുണ്ട്. രണ്ടരയേക്കർ വിസ്തൃതിയാണ് മേൽത്തട്ടിനുള്ളത്.

2004ലാണ് കപ്പൽശാലയ്ക്ക് ഓർഡർ ലഭിച്ചത്. 2005ൽ നിർമ്മാണം ആരംഭിച്ചു. 2013ൽ ആദ്യഘട്ടം പൂർത്തിയാക്കി. 2020ൽ പരീക്ഷണയോട്ടം നടത്തി. അഞ്ചുതവണ കടൽപരീക്ഷണങ്ങൾ പൂർത്തിയാക്കി.