
നെടുമ്പാശേരി: നെടുമ്പാശേരി വിമാനത്താവളത്തിൽ യാത്രക്കാരനിൽ നിന്ന് 36 കോടിയുടെ മയക്കുമരുന്ന് പിടികൂടിയ കേസിൽ ഡൽഹിയിൽ നിന്ന് കസ്റ്റംസ് പിടികൂടിയ നൈജീരിയക്കാരി യുകാമ ഇമ്മാനുവേല ഒമിഡുവിനെ ഇന്ന് കൊച്ചിയിലെത്തിക്കും.
അന്താരാഷ്ട്ര ലഹരി മാഫിയയിലെ മുഖ്യകണ്ണിയാണ് നൈജീരിയക്കാരിയെന്നാണ് സൂചന. കസ്റ്റംസും നർക്കോട്ടിക്ക് കൺട്രോൾ ബ്യൂറോയും വിശദമായി ചോദ്യം ചെയ്യും.
ഞായറാഴ്ച്ച രാവിലെ സിംബാബ്‌വേയിൽ നിന്ന് കൊച്ചിയിലെത്തിയ ശേഷം ഡൽഹിയിലേക്ക് പോകാൻ ശ്രമിക്കേ 18 കിലോ മെഥാക്വലോണുമായി പാലക്കാട് സ്വദേശി മുരളീധരൻ നായർ പിടിയിലായി. ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് നൈജീരിയൻ യുവതിയെക്കുറിച്ച് വിവരം ലഭിച്ചത്. തുടർന്ന് കസ്റ്റംസ് ഡൽഹി യൂണിറ്റിനെ വിവരമറിയിച്ച് ഇവരെ പിടികൂടുകയായിരുന്നു.
മുരളീധരൻ നായർ അഞ്ച് തവണ സിംബാബ്‌വേയിൽ നിന്ന് ഇന്ത്യയിലേക്ക് മയക്കുമരുന്ന് എത്തിച്ചതായാണ് വിവരം. അഞ്ച് തവണയും ഡൽഹിയിൽ യുകാമയ്ക്ക് കൈമാറുകയായിരുന്നു. മയക്കുമരുന്ന് ഒരു വട്ടം ഇന്ത്യയിലെത്തിച്ചാൽ രണ്ട് ലക്ഷം രൂപ ലഭിക്കും. മലയാളിയെന്ന പരിഗണനയിൽ കൂടുതൽ പരിശോധന ഒഴിവാകുന്നതിനാണ് കൊച്ചിയിലേക്ക് ടിക്കറ്റ് എടുക്കുന്നത്. തുടർന്ന് ആഭ്യന്തര പരിശോധനയിലെ ഇളവുകൾ മുതലെടുത്ത് ഡൽഹിയിലെത്തിക്കും. മുരളീധരൻ നായരെ അങ്കമാലി കോടതി റിമാൻഡ് ചെയ്തു.