കൊച്ചി :ബന്ധു നിയമനത്തിന്റയും,അധികാര തർക്കത്തിന്റെയും പേരിൽ കണ്ണൂർ സർവകലാശാലയ്ക്കും,
വൈസ് ചാൻസലർ ഡോ.കെ.ഗോപിനാഥൻ രവീന്ദ്രനുമെതിരെ പരസ്യ യുദ്ധം പ്രഖ്യാപിച്ച ഗവർണർ
ആരിഫ് മുഹമ്മദ് ഖാന് കൂടുതൽ ഊർജ്ജം പകരുന്നതായി,മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ. രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസിന്റെ നിയമനം തടഞ്ഞു കൊണ്ടുള്ള ഹൈക്കോടതി ഉത്തരവ്.
സംസ്ഥാന സർക്കാരും ഗവർണർ ആരിഫ് മുഹമ്മദ് ഖാനും തമ്മിൽ ഏറ്റുമുട്ടലിന് വഴിവച്ചത് തന്നെ, പ്രിയ വർഗീസിനെ കണ്ണൂർ സർവകലാശാലയിൽ അസോസിയേറ്റ് പ്രൊഫസറായി നിയമിക്കാനുള്ള നീക്കമാണ്. കണ്ണൂർ സർവകലാശാല വി.സി ക്രിമിനലും, പാർട്ടി കേഡറുമാണെന്ന് വരെ ഗവർണർ പറഞ്ഞത് കേരളത്തിലെ സർവകലാശാല വിദ്യാഭ്യാസ രംഗത്ത് അസാധാരണ സ്ഥിതിവിശേഷമാണ് സൃഷ്ടിച്ചത്. യോഗ്യരെ തഴഞ്ഞ് ബന്ധുനിയമനം നടത്താനാണ് ശ്രമമെന്ന ആരോപണമുയർന്നപ്പോഴാണ്, വർഗീസിന്റെ നിയമനം ഗവർണർ
രണ്ട് ദിവസം മുമ്പ് സ്റ്റേ ചെയ്തത്. തുടർന്ന് ഗവർണറും വൈസ് ചാൻസലറും തമ്മിൽ ഉരസലുണ്ടായെങ്കിലും സർക്കാർ നേരിട്ട് പ്രശ്നത്തിൽ ഇടപെട്ടില്ല. പക്ഷേ സർവകലാശാലകളിൽ ഗവർണറുടെ അധികാരം കുറയ്ക്കുന്ന ബിൽ അവതരിപ്പിക്കാനുള്ള നീക്കം ഗവർണറെ ചൊടിപ്പിച്ചു. വിവാദ സർവകലാശാല ഭേദഗതി ഓർഡിനൻസിന് പകരമുള്ള ബിൽ സഭയിൽ അവതരിപ്പിക്കുമെങ്കിലും, നിയമമാകണമെങ്കിൽ ഗവർണർ ഒപ്പിടണം.
അതിനിടെ, കേരള സർവകലാശാല സെനറ്റ് ഗവർണർക്കെതിരെ പ്രമേയം പാസാക്കിയതും മറ്റൊരു നിയമപ്രശ്നത്തിലേക്ക് നീങ്ങും. ഈ യോഗത്തിൽ അദ്ധ്യക്ഷത വഹിച്ച വൈസ് ചാൻസലർ ഡോ.വി.പി.മഹാദേവൻ പിള്ളയ്ക്കെതിരെയും, താൻ നോമിനേറ്റ് ചെയ്ത സെനറ്റ് അംഗങ്ങൾക്കെതിരെയും ഗവർണർ നടപടിക്ക് തയ്യാറെടുക്കുന്നുണ്ട്. ഇവിടെ പുതിയ വൈസ് ചാൻസലറെ തിരഞ്ഞെടുക്കാനുള്ള സെർച്ച് കമ്മിറ്റിയെ വൈസ് ചാൻസലർ നിശ്ചയിച്ചതാണ് പ്രമേയത്തിലേക്ക് നയിച്ചത്. കമ്മിറ്റിയിലെ സെനറ്റിന്റെ പ്രതിനിധിയുടെ പേര് സർവകലാശാല നൽകാൻ വൈകിയതോടെ ഗവർണർ സ്വന്തം നിലയിൽ കമ്മിറ്റിയെ നിയോഗിക്കുകയായിരുന്നു.താൻ ചാൻസലറായ സംസ്ഥാനത്തെ സർവകലാശാലകളിൽ കഴിഞ്ഞ മൂന്നുവർഷം നടന്ന നിയമനങ്ങൾ അന്വേഷിക്കാൻ കമ്മിഷനെ നിയമിക്കുമെന്ന സൂചന കൂടി നൽകിയതോടെ സർക്കാരുമായി തുറന്ന ഏറ്റുമുട്ടലിനും തയ്യാറാണെന്ന് ആരിഫ് മുഹമ്മദ് ഖാൻ പ്രഖ്യാപിച്ചതു പോലെയായി.
2019ൽ കണ്ണൂരിൽ സർവകലാശാല നടത്തിയ ചരിത്ര കോൺഗ്രസിന്റെ ഉദ്ഘാടന വേദിയിൽ തനിക്കെതിരെ ഉണ്ടായ ആക്രമണശ്രമങ്ങൾക്ക് പിന്നിൽ വൈസ് ചാൻസലർക്കും പങ്കുണ്ടെന്ന് ഗവർണർ പറഞ്ഞതും കരുതിക്കൂട്ടിയാവണം. ഈ സംഭവത്തിൽ പൊലീസിൽ പിറ്റേന്ന് തന്നെ പരാതികളെത്തി. നിയമനവിവാദത്തിൽ ഉൾപ്പെട്ട കെ.കെ.രാഗേഷും പ്രശസ്ത ചരിത്രകാരൻ ഇർഫാൻ ഹബീബും മറ്റും ഈ കേസിൽ കക്ഷികളാകാനും സാദ്ധ്യതയുണ്ട്.