
ആലുവ: കൊച്ചി മെട്രോ കോടികൾ മുടക്കി നവീകരിച്ച ഫുട്പാത്ത് രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് കൈയേറി 'തട്ടുകട' നടത്തിയവർ അമിത വാടക ഈടാക്കി അന്യസംസ്ഥാനക്കാർക്ക് നടത്തിപ്പ് ചുമതല മറിച്ച് നൽകി. ആറ് മാസം മുമ്പ് 'ഐ ലൗ ആലുവ' എന്ന പേരിൽ ബോർഡ് സ്ഥാപിച്ച ശേഷമാണ് ഫുട്പാത്ത് കൈയേറിയത്.
ഇതുസംബന്ധിച്ച് ഇന്നലെ 'കേരളകൗമുദി' വാർത്ത പുറത്തുവിട്ടതോടെ സംഭവം കൂടുതൽ വിവാദമായി. നഗരസഭയിലെ ഒരു വനിതാ കൗൺസിലറുടെ അടുത്ത ബന്ധുവും ഡി.വൈ.എഫ്.ഐയുടെ ഒരു പ്രാദേശിക നേതാവും ചേർന്നാണ് ഫുട്പാത്ത് കൈയേറിയതെങ്കിലും ഇപ്പോൾ നടത്തിപ്പ് ചുമതല അന്യസംസ്ഥാനക്കാർക്കാണ്. കോൺഗ്രസിന്റെ പ്രാദേശിക നേതാവിന്റെ സഹോദരന്റെ 'കുടുസുമുറി' വാടകക്കെടുത്ത ശേഷമാണ് നടപ്പാതയും കൈവശത്താക്കിയത്.
അലങ്കാര ലൈറ്റുകളും സന്ധ്യനേരങ്ങളിൽ കരോക്കെ ഗാനമേളകളും സംഘടിപ്പിച്ച് യുവാക്കളെ ആകർഷിക്കുകയാണ്. ഇവിടെ തമ്പടിക്കുന്നവരിലേറെയും അന്യസംസ്ഥാനക്കാരാണ്. ഈ സമയം ഇതുവഴി സ്ത്രീകൾക്കും കുട്ടികൾക്കുമൊന്നും നടക്കാൻ പോലും കഴിയുന്നില്ല.
കൗൺസിലർ പ്രതിപക്ഷത്താണെങ്കിലും കോൺഗ്രസിന് നാമമാത്രമായ ഭൂരിപക്ഷമാണ് കൗൺസിലിലുള്ളത്. അതിനാൽ ഏതെങ്കിലും കോൺഗ്രസ് അംഗം അവധിയിലാണെങ്കിൽ പ്രധാനപ്പെട്ട അജണ്ടകൾ പാസാക്കണമെങ്കിൽ ഇവരുടെ കൂടി പിന്തുണ വേണം. അതിനാൽ കൗൺസിലറെ പിണക്കേണ്ടെന്ന നിലപാടാണ് ഭരണസമിതിക്ക്. കൈയേറ്റം വിവാദമായതോടെ ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടോയെന്ന് അന്വേഷിച്ച് നടപടിയെടുക്കുമെന്ന് ചെയർമാൻ വ്യക്തമാക്കിയെങ്കിലും ഇന്നലെ ഒന്നും നടന്നില്ല. ഫുട്പാത്തിൽ കച്ചവടം നടത്താൻ നഗരസഭ രേഖാമൂലം അനുമതി നൽകിയെന്നാണ് നടത്തിപ്പുകാരുമായി ബന്ധപ്പെട്ടവർ പറയുന്നത്. സത്യമാണെങ്കിൽ ഏത് നിയമത്തിന്റെ അടിസ്ഥാനത്തിലാണ് ഇത്തരം നടപടിയെന്ന് നഗരസഭ വ്യക്തമാക്കണം.
ആട്ടവും പാട്ടും
'മുംബയ് മോഡൽ'
നടപ്പാതയിലെ ആട്ടവും പട്ടും 'മുംബയ് മോഡൽ' ആണെന്നും ജനങ്ങൾക്ക് അത് ഇഷ്ടമാണെന്നും നാട്ടുകാർ പറയുന്നു. നിലവിൽ ആട്ടവും പാട്ടും നടത്തുന്ന ഫുട്പാത്ത് ഒരു വശം സ്വകാര്യ ബസ് സ്റ്റാൻഡിന്റെ പിൻവശമാണ്. സ്റ്റാൻഡിന് ആവശ്യത്തിലേറെ സ്ഥലവുമുള്ളതിനാൽ ഇവിടം ഒഴിഞ്ഞുകിടക്കുകയാണ്. ഇവിടെ ഓപ്പൺ സ്റ്റേജ് നിർമ്മിച്ച് സാംസ്കാരിക പരിപാടികൾക്ക് ഉൾപ്പെടെ സൗകര്യമൊരുക്കണമെന്നാണ് ആവശ്യം.