മട്ടാഞ്ചേരി: നഗരസഭ അഞ്ചാം ഡിവിഷനിൽ പുതിയ റോഡ് മേഖലയിൽ റോഡ് നിർമ്മാണം വൈകുന്നതിൽ പ്രതിഷേധിച്ച് വീട്ടമ്മമാർ റോഡ് ഉപരോധിച്ചു. ഈ ഭാഗത്ത് റോഡ് നിർമ്മാണം മാസങ്ങളായി ഇഴഞ്ഞ് നീങ്ങുകയാണ്. നിലവിൽ ജോലി തടസപ്പെട്ട അവസ്ഥയിലാണ്. റോഡിൽ മെറ്റലും പൊടിയും പാകിയതിനാൽ അപകടങ്ങളും പതിവാണ്. വാഹന സഞ്ചാരമുള്ള പ്രധാന റോഡായതിനാൽ വീടുകളിലും കടകളിലും പൊടി ശല്യവും രൂക്ഷമാണ്. കൊച്ചു കുട്ടികൾ ഉൾപെടെയുള്ളവർക്ക് അസുഖം ബാധിക്കുന്ന സാഹചര്യത്തിലാണ് വീട്ടമ്മമാർ പ്രതിഷേധവുമായി രംഗത്തെത്തിയത്.സി.എസ്.എം.എല്ലിന്റെ നേതൃത്വത്തിലാണ് ഇവിടെ റോഡ് നിർമാണം നടക്കുന്നത്.

സി.എസ്.എം.എൽ നിർമ്മാണ പ്രവൃത്തികൾ പൂർത്തീകരിക്കുന്നതിൽ കാലതാമസം നേരിടുന്നതായി ആക്ഷേപമുണ്ട്.റോഡ് ഉപരോധിച്ചതോടെ ഗതാഗത തടസവും നേരിട്ടു. ഡിവിഷൻ കൗൺസിലറും ഡെപ്യൂട്ടി മേയറുമായ കെ.എ അൻസിയ സി.എസ്.എം.എൽ അധികൃതരുമായി ബന്ധപെട്ടതിന്റെ അടിസ്ഥാനത്തിൽ റോഡ് നിർമ്മാണം ബുധനാഴ്ച ആരംഭിക്കുമെന്ന് ഉറപ്പ് ലഭിച്ചിട്ടുണ്ട്. പ്രതിഷേധക്കാരുമായി ചർച്ച നടത്തിയതിനെ തുടർന്ന് സമരം അവസാനിപ്പിച്ചു.