കൊച്ചി: എളങ്കുന്നപ്പുഴ ഗ്രാമപഞ്ചായത്തിൽ പുതുവയ്പ് ജംഗ്ഷന് സമീപം റോഡിലെ അനധികൃത കൈയേറ്റങ്ങൾ ഒഴിപ്പിക്കുന്നതിന് പുറമ്പോക്ക് ഭൂമി അളന്ന് തിട്ടപ്പെടുത്തണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ ഉത്തരവിട്ടു.

കൊച്ചി താലൂക്ക് ഭൂരേഖാ തഹസിൽദാർക്കാണ് കമ്മിഷൻ അദ്ധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് ഉത്തരവ് നൽകിയത്. റോഡിൽ നിന്ന് വീട്ടിലും കടമുറികളിലും വെള്ളം കയറുന്നത് പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ഓച്ചന്തുരുത്ത് സ്വദേശി കെ.എക്‌സ്. പീറ്റർ സമർപ്പിച്ച പരാതിയിലാണ് നടപടി.

കാന നിർമ്മിച്ച് വെള്ളക്കെട്ട് പരിഹരിക്കാൻ റോഡിലെ അനധികൃത കൈയേറ്റങ്ങൾ തടസമാണെന്ന് പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എൻജിനിയർ കമ്മിഷനെ രേഖാമൂലം അറിയിച്ചു. കൈയേറ്റം ഒഴിപ്പിക്കുന്നതിന് പുറമ്പോക്ക് ഭൂമി അളന്ന് തിട്ടപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് പൊതുമരാമത്ത് വകുപ്പ് ഭൂരേഖ തഹസിൽദാർക്ക് നൽകിയ കത്തിന്മേൽ തീരുമാനമെടുക്കാനാണ് കമ്മിഷൻ ആവശ്യപ്പെട്ടത്.