
തൃക്കാക്കര: 2019-20 ഓഡിറ്റ് പരാമർശങ്ങൾ സംബന്ധിച്ച് ചർച്ചചെയ്യാൻ ചേർന്ന പ്രത്യേക കൗൺസിൽ യോഗത്തിൽ ചെയർപേഴ്സനെതിരെ ഗുരുതര ആരോപണവുമായി യു.ഡി.എഫ് കൗൺസിലർ. മിനിട്സിൽ കൃത്രിമം കാട്ടിയത് ആർക്കുവേണ്ടിയാണെന്ന് വ്യക്തമാക്കണമെന്ന് കൗൺസിലർ ജോസ് കളത്തിലാണ് ആവശ്യപ്പെട്ടത്.
പ്രമുഖ കെട്ടിട നിർമ്മാതാക്കളായ പുറവങ്കരയുടെ നിർമ്മാണ പ്രവർത്തനങ്ങളിൽ കൗൺസിൽ തീരുമാനിക്കാതെ മിനിട്സിൽ സ്റ്റോപ്പ് മെമ്മോ നൽകാൻ തീരുമാനിച്ചതിനെതിരെയാണ് എൽ.ഡി.എഫിനൊപ്പം യു.ഡി.എഫ് കൗൺസിലറും രംഗത്തുവന്നത്. കഴിഞ്ഞ കൗൺസിൽ യോഗത്തിൽ നിർമ്മാണം സംബന്ധിച്ച് അഞ്ചംഗ സമിതി ഫയലുകൾ പരിശോധിച്ച് നിയമോപദേശം തേടിയശേഷം കോടതിയെ സമീപിക്കാനായിരുന്നു തീരുമാനമെന്ന് എൽ.ഡി.എഫ് കൗൺസിലർ ജിജോചങ്ങംതറ ഓർമ്മിപ്പിച്ചു. കൗൺസിൽ തീരുമാനത്തിന് വിരുദ്ധമായി ചെയർപേഴ്സൻ സ്റ്റോപ്പ് മെമ്മോ നൽകാൻ തീരുമാനിച്ചതായി
മിനിറ്റ്സിൽ എഴുതാൻ നിർദേശിച്ചതാണ് ആരോപണങ്ങൾക്ക് കാരണം.എന്നാൽ കൗൺസിൽ തീരുമാനമുണ്ടെന്ന് ചെയർപേഴ്സൻ അജിത തങ്കപ്പൻ പറഞ്ഞതോടെ
എൽ.ഡി.എഫ് കൗൺസിലർമാർ രംഗത്തെത്തി. ചെയർപേഴ്സൻ കൗൺസിൽ തീരുമാനംഅട്ടിമറിക്കാൻ ശ്രമിക്കുന്നതായി എൽ.ഡി.എഫ് കൗൺസിലർ എം.ജെ ഡിക് സൻ പറഞ്ഞു.നിയമവശം പരിശോധിക്കാനാണ് തീരുമാനിച്ചതെന്ന് കൗൺസിലർ പി.സി മനൂപ് പറഞ്ഞു.പുറവങ്കര കെട്ടിടനിർമ്മാണം നിർത്തിവക്കാൻ തീരുമാനിച്ചത് കൗൺസിൽ തീരുമാനമില്ലാതെയാണെന്ന് യു.ഡി.എഫ് കൗൺസിലർ ജോസ് കളത്തിൽ ആരോപണവുമായി വീണ്ടും രംഗത്തുവന്നു.ചെയർപേഴ്സൻ ഇരിക്കാൻ ആവശ്യപ്പെട്ടെങ്കിലും കൗൺസിലർ കൂട്ടാക്കിയില്ല.ഇനി ഞാൻ താങ്കളുടെ സീറ്റിൽ വന്ന് മറുപടി പറയാണോയെന്ന് ചെയർപേഴ്സൻ ക്ഷോഭിച്ചെങ്കിലും പിന്തുണയുമായി ഭരണ പക്ഷ കൗൺസിലർമാർ ആരും രംഗത്തുവന്നില്ല.ഒടുവിൽ ആ തീരുമാനം റദ്ദാക്കുന്നതായി ചെയർപേഴ്സൻ സഭയെ അറിയിച്ചു.
# ഓഡിറ്റ് റിപ്പോർട്ട് കൗൺസിലർമാർക്ക് നൽകിയില്ല, യോഗം മാറ്റിവയ്ക്കേണ്ടിവന്നു
ഓഡിറ്റ് പരാമർശങ്ങൾ സംബന്ധിച്ച് ചർച്ചചെയ്യാൻ ചേർന്ന കൗൺസിൽ യോഗത്തിൽ 2019-20 ഓഡിറ്റ് റിപ്പോർട്ട് കൗൺസിലർമാർക്ക് നൽകാത്തതിനെതിരെ ഭരണ പ്രതിപക്ഷത്തോടൊപ്പം ഭരണപക്ഷവും രംഗത്തുവന്നതോടെ കൗൺസിൽ യോഗം മാറ്റിവയ്ക്കേണ്ടിവന്നു. ഓഡിറ്റ് റിപ്പോർട്ട് കൗൺസിലർമാർക്ക് നൽകാതെ എങ്ങനെ ചർച്ചചെയ്യാനാവുമെന്ന് പ്രതിപക്ഷ നേതാവ് എം.കെ ചന്ദ്രബാബു രംഗത്തെത്തി.
# കൗൺസിൽ തീരുമാനങ്ങൾ സെക്രട്ടറി അട്ടിമറിക്കുന്നതായി ഭരണപക്ഷം
കൗൺസിൽ തീരുമാനങ്ങൾ സെക്രട്ടറി അട്ടിമറിക്കുന്നതായി ഭരണപക്ഷ കൗൺസിലർ ഷാജി വാഴക്കാല രംഗത്തുവന്നു.കൗൺസിൽ തീരുമാനത്തിനെതിരായി സെക്രട്ടറി ബി.അനിൽകുമാർ സർക്കാരിന് കത്ത് കൊടുത്ത നടപടിക്കെതിരെയാണ് ഭരണ പക്ഷ കൗൺസിലർമാർ രംഗത്തുവന്നത്. ഇരുപത്തി ഏഴാം വാർഡിലെ പ്രീ സ്കൂൾ ആരംഭിച്ചതിനെതിരെ സ്റ്റേ നൽകണമെന്ന് കൗൺസിൽ തീരുമാനിച്ചിരുന്നു. ഇതിനെതിരെ സെക്രട്ടറി നിലപാടെടുത്തെന്നാണ് ഭരണപക്ഷത്തിന്റെ ആരോപണം.നിയമവശം നോക്കിയാണ് സെക്രട്ടറി നടപടി സ്വീകരിക്കുന്നതെന്ന് ഇടത്ത് കൗൺസിലർ എം.ജെ ഡിക് സൻ രംഗത്തെത്തി. സെക്രട്ടറി കൗൺസിലർമാരെ തമ്മിലടിപ്പിക്കുന്നതായി ചെയർപേഴ്സൻ അജിത തങ്കപ്പൻ പറഞ്ഞു.