
പറവൂർ: വാർഡിൽ നടത്തിയ നിർമ്മാണ പ്രവർത്തനങ്ങളുടെ ബിൽ പാസാക്കുന്നതുമായി ബന്ധപ്പെട്ട് വനിതാ പഞ്ചായത്ത് സെക്രട്ടറിയെ പഞ്ചായത്ത് അംഗം കസേര കൊണ്ട് തലക്കടിക്കാൻ ശ്രമിച്ചു. ഒഴിഞ്ഞുമാറിയതിനാൽ രക്ഷപ്പെട്ടെങ്കിലും കസേരയുടെ ഭാഗങ്ങൾ കൊണ്ട് പരിക്കേറ്റു. സെക്രട്ടറിയുടെ കമ്പ്യൂട്ടർ അടിച്ചുതകർത്തു. ചേന്ദമംഗലം ഗ്രാമപഞ്ചായത്ത് ഒമ്പതാം വാർഡിലെ സി.പി.എം അംഗം ഫസൽ റഹ്മാനാണ് അക്രമണം നടത്തിയത്. പഞ്ചായത്ത് സെക്രട്ടറി റീന റാഫേലിന്റെ പരാതിയിൽ വടക്കേക്കര പൊലീസ് കേസെടുത്തു. ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം.
വെള്ളക്കൊട്ട് പരിഹാരിക്കാനായി നടത്തിയ നിർമ്മാണ പ്രവർത്തനങ്ങളുടെ ബിൽ പാസാക്കണമെന്ന് ആവശ്യപ്പെട്ടാണ് സെക്രട്ടറിയുടെ മുറിയിൽ ഫസൽ എത്തിയത്. ഫയൽ ലഭിച്ചിട്ടില്ലെന്നും ബിൽ പാസക്കേണ്ടത് പഞ്ചായത്ത് കമ്മിറ്റിയാണെന്നും സെക്രട്ടറി പറഞ്ഞതോടെയാണ് അക്രമണം.
സെക്രട്ടറിയുടെ കാമ്പിന്റെ മുന്നിലുള്ള കസേരയെടുത്ത് തലയ്ക്ക് അടിക്കാനാണ് ശ്രമിച്ചത്. ഒഴിഞ്ഞുമാറയതിനാൽ കമ്പ്യൂട്ടർ അടിച്ചു തകർത്തു. അക്രമത്തിൽ കസേരയുടെ ഭാഗങ്ങൾ പൊട്ടിതെറിച്ച് പരിക്കേറ്റതായും അസഭ്യം പറഞ്ഞതായും സെക്രട്ടറി നൽകിയ പരാതിയിൽ പറയുന്നു. സെക്രട്ടറിയുടെ മുറിയിലുണ്ടായിരുന്ന ജീവനക്കാരിക്കും കസേരയുടെ ഭാഗങ്ങൾ കൊണ്ട് ചെറിയ പരിക്കുണ്ട്. ഓഫീസിലുണ്ടായിരുന്ന പഞ്ചായത്ത് അംഗങ്ങളും ജീവനക്കാരും ചേർന്നാണ് പിടിച്ചുമാറ്റിയത്. ഇതിന് ശേഷം പഞ്ചായത്തിൽ നിന്ന് പുറത്തേക്ക് പോയി. സംഭവം അറിഞ്ഞ വടക്കേക്കര പൊലീസ് സ്ഥലത്തെത്തി ഓഫീസ് സീൽ ചെയ്ത ശേഷമാണ് കൂടുതൽ അന്വേഷണം ആരംഭിച്ചത്.
സെക്രട്ടറിയുടെ ഓഫീസിലുണ്ടായ സംഭവത്തിൽ കുറ്റക്കാർക്കെതിരെ ശക്തമായ നടപടിയുണ്ടാകണം. സ്ത്രീകൾക്ക് നേരെയുള്ള ഇത്തരം പ്രവർത്തികൾ അംഗീകരിക്കാൻ സാധിക്കില്ല.
ദിവ്യ ഉണ്ണിക്കൃഷ്ണൻ
പഞ്ചായത്ത് പ്രസിഡന്റ്
പഞ്ചായത്ത് സെക്രട്ടറിയെ അക്രമിച്ച പഞ്ചായത്ത് അംഗത്തിനെതിരെ പൊലീസ് ശക്തമായ നടപടികൾ സ്വീകരിക്കണം. മറ്റ് അംഗങ്ങൾക്കെതിരെയും ജീവനക്കാർക്കെതിരെയും നിരന്തരം പ്രശ്നങ്ങൾ ശ്രഷ്ടിക്കുന്ന ഇത്തരക്കാരെ നിയന്ത്രിക്കാൻ സി.പി.എം തയ്യാറാകാണം.
വി.എം. മണി
പ്രതിപക്ഷനേതാവ്