നെടുമ്പാശേരി: നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളത്തിൽ യാത്രക്കാരനിൽ നിന്ന് 36 കോടി രൂപയുടെ മയക്കുമരുന്ന് പിടികൂടിയ കേസിൽ ഡൽഹിയിൽ അറസ്റ്റിലായ നൈജീരിയക്കാരി യുകാമ ഇമ്മാനുവേല ഒമിഡുവിനെ കൊച്ചിയിലെത്തിക്കാനായില്ല.

കൊച്ചി കസ്റ്റംസ് നൽകിയ വിവരത്തെ തുടർന്ന് ഞായറാഴ്ച്ച വൈകിട്ട് ഡൽഹി കസ്റ്റംസിന്റെ പിടിയിലായ യുകാമയെ ഡൽഹി കോടതി തിങ്കളാഴ്ച്ച രാവിലെ റിമാൻഡ് ചെയ്തിരുന്നു. ട്രാൻസിറ്റ് വാറണ്ട് മുഖേന കസ്റ്റഡിയിൽ വാങ്ങുന്നതിനായി കൊച്ചി കസ്റ്റംസ് സംഘം ഡൽഹിയിലുണ്ടെങ്കിലും നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ വൈകിയതാണ് പ്രതിയെ വിട്ടുകിട്ടാതിരിക്കാൻ കാരണം. ഇന്നു തന്നെ പ്രതിയെ കസ്റ്റഡിയിൽ വാങ്ങുന്നതിനുള്ള ശ്രമം അന്വേഷണ സംഘം തുടരുകയാണ്. അന്താരാഷ്ട്ര ലഹരി മാഫിയയിലെ മുഖ്യകണ്ണിയാണ് നൈജീരിയക്കാരിയെന്നാണ് സൂചന.

ഞായറാഴ്ച്ച രാവിലെ സിംബാബ്‌വേയിൽ നിന്ന് കൊച്ചിയിലെത്തിയ ശേഷം ഡൽഹിയിലേക്ക് പോകാൻ ശ്രമിക്കവേ 18 കിലോ മെഥാക്വലോണുമായി പാലക്കാട് സ്വദേശി മുരളീധരൻ നായരാണ് സിയാൽ സെക്യൂരിറ്റി വിഭാഗത്തിന്റെ പിടിയിലായത്. ഇയാളിൽ നിന്നാണ് നൈജീരിയക്കാരിയെക്കുറിച്ച് വിവരം ലഭിച്ചത്.