kunjippalu

ആലുവ: സ്വാതന്ത്ര്യസമര കാലഘട്ടം മുതൽ ദേശീയ നേതാക്കളുടെ പൈലറ്റായിരുന്ന തൃശൂർ മണലൂർ കോടങ്കണ്ടത്ത് ടി.എ. കുഞ്ഞിപ്പാലു (93) ആലുവയിൽ നിര്യാതനായി. ആലുവ യു.സി കോളേജ് ചാക്കോ ഹോംസിൽ വിശ്രമ ജീവിതത്തിലായിരുന്നു.

രാജീവ് ഗാന്ധിയെ വിമാനം പറത്താൻ പരിശീലിപ്പിച്ചത് കുഞ്ഞിപ്പാലു ആയിരുന്നു. 1989ലാണ് ഇന്ത്യൻ എയർലൈൻസിൽ നിന്ന് വിരമിച്ചത്. ചെന്നൈയിൽ നിന്ന് ലൈസൻസ് എടുത്ത കുഞ്ഞിപ്പാലു സ്വാതന്ത്ര്യാനന്തരം നാട്ടുരാജ്യങ്ങളെ ഇന്ത്യൻ യൂണിയനിൽ ലയിപ്പിക്കാനായി സഞ്ചരിച്ച സർദാർ വല്ലഭായി പട്ടേലിന് വേണ്ടിയും വിമാനം പറത്തിയിട്ടുണ്ട്. അക്കാലത്ത് രാജാക്കന്മാരുടെ വിമാനമാണ് ഉപയോഗിച്ചിരുന്നത്.

ഗാർഡ് ഒഫ് ഓണറിൽ രാജീവ് ഗാന്ധിക്ക് തോക്കിന്റെ പാത്തിക്ക് അടിയേറ്റ ശ്രീലങ്കൻ യാത്രയിൽ പൈലറ്റ് കുഞ്ഞിപ്പാലു ആയിരുന്നു. 18 -ാം വയസിൽ വിമാനയാത്രയിൽ കമ്പം കയറി ചെന്നൈയിൽ പോയി പഠിച്ചു. നാട്ടുരാജാക്കന്മാരുടെ വിമാനങ്ങൾ പറത്തുന്ന ഫ്രീലാൻസ് പൈലറ്റ് ആയി. പിന്നീട് എയർ ഇന്ത്യയിലും ഇന്ത്യൻ എയർലൈൻസിലും ചേർന്നു. കഴിഞ്ഞ ആഴ്ചയായിരുന്നു ചാക്കോ ഹോംസിൽ കുഞ്ഞിപ്പാലുവിന്റെ 93 -ാം ജന്മദിനാഘോഷം.

മൃതദേഹം അങ്കമാലി ലിറ്റിൽ ഫ്ളവർ ആശുപത്രി മോർച്ചറിയിൽ. സംസ്കാരം നാളെ രാവിലെ 11ന് ആലുവ സെന്റ് ഡൊമിനിക്ക് പള്ളി സെമിത്തേരിയിൽ.

ഭാര്യ: പരേതയായ റൂബി. മക്കൾ: ആൻജോ, ജോജോ. മരുമക്കൾ: മെരീഷ, ജീന മക്കളും മരുമക്കളും അമേരിക്കയിലാണ്.