
തൃക്കാക്കര: എം.ഡി.എം.എയുമായി കളമശേരി കളത്തിപ്പറമ്പിൽ വീട്ടിൽ കെ. കൃഷ്ണ (22) ഇടപ്പള്ളി മദർതെരേസ റോഡിൽ എം.ടി.ആർ.എ 66ൽ വിജയ് കൃഷ്ണൻ (23), കളമശേരി കളത്തിപ്പറമ്പിൽ വീട്ടിൽ നോയൽ സ്റ്റീഫൻ (24) എന്നിവർ പിടിയിലായി. ഡാൻസാഫും തൃക്കാക്കര പൊലീസും ചേർന്നാണ് പിടികൂടിയത്. ഇവരിൽ നിന്ന് അഞ്ചുഗ്രാം എം.ഡി.എം.എ കണ്ടെടുത്തു.
കങ്ങരപ്പടി എസ്.എൻ.ഡി.പി സ്കൂളിന് സമീപം വാടക വീട്ടിൽ നിന്നാണ് പ്രതികളെ പിടിച്ചത്. കളമശേരി, എച്ച്.എം.ടി, കങ്ങരപ്പടി പ്രദേശങ്ങളിലെ സ്കൂൾ, കോളേജ് വിദ്യാർത്ഥികൾക്ക് വിതരണം ചെയ്യാൻ ബംഗളൂരുവിൽ നിന്ന് എത്തിച്ചതായിരുന്നു. സിറ്റി പൊലീസ് കമ്മിഷണർ നാജരാജുവിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. നർക്കോട്ടിക് സെൽ പൊലീസ് അസിസ്റ്റന്റ് കമ്മിഷണർ കെ.എ. അബ്ദുൽ സലാം, തൃക്കാക്കര സി.ഐ ആർ. ഷാബു, എസ്.ഐ റോയ് കെ.പുന്നൂസ് എന്നിവരാണ് പ്രതികളെ പിടികൂടിയത്.