bus

ആലുവ: നഗരത്തിൽ റൂട്ട് തെറ്റിച്ച് അമിത വേഗതയിലെത്തിയ സ്വകാര്യ ബസ് ടെലഫോൺ പോസ്റ്റ് ഇടിച്ചുതകർത്തു. ബസ് ഉരസിയതിനെ തുടർന്ന് തെറിച്ച് വീണ സ്കൂട്ടർ യാത്രികൻ നിസാരപരിക്കുകളോടെ രക്ഷപ്പെട്ടു.

ഇന്നലെ വൈകിട്ട് 6.15ന് ആലുവ പമ്പ് കവല - റെയിൽവേ സ്റ്റേഷൻ റോഡിൽ തായീസ് ടെക്സ്റ്റൈത്സിന് മുമ്പിലാണ് ആവേമറിയ ബസ് അപകടം സൃഷ്ടിച്ചത്. ബസിന്റെ ചില്ല് തകർന്ന് യാത്രക്കാർക്കും കാൽനട യാത്രക്കാർക്കും മുറിവേറ്റു. ആലുവ തുരുത്ത് കാർത്തികയിൽ നിരണാണ് സ്കൂട്ടറിൽ നിന്ന് തെറിച്ച് വീണതിനെ തുടർന്ന് അത്ഭുതകരമായി രക്ഷപ്പെട്ടത്. പെരുമ്പടപ്പിൽ നിന്ന് ആലുവയിലേക്ക് വന്ന ബസ് പമ്പ് കവലയിൽ നിന്ന് സീനത്ത് കവല വഴി റെയിൽവേ സ്റ്റേഷനിലേക്ക് പോകേണ്ടതിന് പകരം എളുപ്പമെത്താൻ പമ്പ് കവലയിൽ നിന്ന് വലത്തേക്ക് തിരിഞ്ഞ് റെയിൽവേ സ്റ്റേഷൻ ഭാഗത്തേക്ക് പോകുമ്പോഴാണ് അപകടം.

പള്ളുരുത്തി സ്വദേശി അലക്‌സ് എന്നയാളുടെതാണ് ബസ്. അമിത വേഗതയിൽ റൂട്ട് തെറ്റിച്ചെത്തി അപകടം സൃഷ്ടിക്കുകയായിരുന്നുവെന്നാണ് ആക്ഷേപം.