പറവൂർ: പറവൂർ സഹകരണ ബാങ്കിലെ ഇൻകം ടാക്സ് അടച്ചതുൾപ്പെടയുള്ള ക്രമക്കേട് അന്വേഷിക്കാൻ മുവാറ്റുപുഴ വിജിലൻസ് കോടതി ഉത്തരവ്. എറണാകുളം വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോയിലെ ഡി.വൈ.എസ്പിക്കാണ് അന്വേഷണചുമതല. മൂന്ന് മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് ഉത്തരവിൽ പറയുന്നു. ബാങ്ക് അംഗവും കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറിയുമായ എൻ. മോഹനാണ് പരാതിക്കാരൻ. വിവരാവകാശ നിയമപ്രകാരം ശേഖരിച്ച വൗച്ചറുകൾ, രേഖകൾ, ഓഡിറ്റ് റിപ്പോർട്ടുകൾ എന്നിവ പരിശോധിച്ചാണ് കോടതി അന്വേഷണത്തിന് നിർദേശം നൽകിയത്. പൊതുപ്രവർത്തകർക്കെതിരെ കേസെടുക്കുമ്പോൾ 17 എ വകുപ്പ് പ്രകാരം സർക്കാരിന്റെ മുൻകൂർ അനുമതി വാങ്ങണമെന്ന നിയമം ഇതിന് ബാധകമല്ലെന്നും ഉത്തരവിലുണ്ട്.
ബാങ്കിലെ ക്രമക്കേട് സംബന്ധിച്ചു സി.പി.എം അന്വേഷണം നടത്തിയെങ്കിലും പ്രതികളെ രക്ഷിക്കാനായി ഒതുക്കിവച്ചുവെന്നു കോൺഗ്രസ് മണ്ഡലം കമ്മിറ്റി ആരോപിച്ചു. ബാങ്ക് ഭരണസമിതി രാജിവച്ച് അന്വേഷണം നേരിടണമെന്നു മണ്ഡലം പ്രസിഡന്റ് അനു വട്ടത്തറ, ബ്ലോക്ക് സെക്രട്ടറിമാരായ രമേഷ് ഡി. കുറുപ്പ്, ഡെന്നി തോമസ്, ജോസ് മാളിയേക്കൽ എന്നിവർ പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു. അന്വേഷണം പൂർത്തിയാകുമ്പോൾ ഇതെല്ലാം ആരോപണങ്ങളും നൂണപ്രചരണങ്ങളാണെന്നും തെളിയുമെന്ന് ബാങ്ക് പ്രസിഡന്റ് കെ.എ. വിദ്യാനന്ദൻ പറഞ്ഞു.