കൊച്ചി: നഗരത്തിലേക്കും പശ്ചിമകൊച്ചിയിലേക്കുമുള്ള മാംസം ഇനി പൊതുമേഖലാ സ്ഥാപനമായ കൂത്താട്ടുകുളം മീറ്റ് പ്രൊഡക്‌ട്സ് ഒഫ് ഇന്ത്യ (എം.പി.ഐ)യിൽ നിന്നെത്തിക്കും. ഇതിന് മുന്നോടിയായി തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിൽ നിന്ന് അറുക്കുന്നതിനായി കൊണ്ടുവരുന്ന ഉരുക്കളെ കൂത്താട്ടുകുളത്ത് ഇറക്കും. എം.പി.ഐയുടെ വിശാലമായ വളപ്പിൽ താത്കാലിക വാസം ഒരുക്കും. ആരോഗ്യപരിശോധന ഉൾപ്പെടെ നടപടിക്രമങ്ങൾ പൂർത്തിയാക്കി എം.പി.ഐയിലെ ഹലാൽ സൗകര്യമുള്ള അത്യാധുനിക പ്ളാന്റിൽ ഇവയെ അറക്കും.
കൂത്താട്ടുകുളത്തു നിന്ന് മാംസം കൊണ്ടുവന്നു മൊത്തക്കച്ചവടക്കാർക്ക് നഗരത്തിൽ വില്പന നടത്താം. എം.പി.ഐ ശാഖകളിലും മാംസം ലഭ്യമാക്കും. മികച്ച ഗുണമേന്മയുള്ള മാംസം ലഭിക്കുമെന്നതാണ് പ്രയോജനം.
കലൂർ അറവുശാലയുമായി ബന്ധപ്പെട്ട പ്രതിസന്ധിയുടെ പശ്ചാത്തലത്തിലാണ് കോർപ്പറേഷൻ ബദൽ മാർഗങ്ങൾ തേടുന്നത്. അറവു മൃഗങ്ങളുടെ രക്തം പേരണ്ടൂർ കനാലിലേക്ക് ഒഴുക്കുന്നത് ഉൾപ്പെടെ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി കലൂർ അറവുശാല അടച്ചുപൂട്ടണമെന്നു മലിനീകരണ നിയന്ത്രണ ബോർഡ് നേരത്തെ നിർദ്ദേശം നൽകിയിരുന്നു. ആറു മാസത്തേക്കു കരാർ പുതുക്കി നൽകിയാണ് അറവുശാല ഇപ്പോൾ പ്രവർത്തിക്കുന്നത്.
എം.പി.ഐയുമായി പ്രാഥമിക ചർച്ച നടത്തി. ഉരുക്കളെ അവിടെ കശാപ്പു ചെയ്യുന്നതിനു സമ്മതം ലഭിച്ചിട്ടുണ്ട്. കലൂർ അറവുശാല നവീകരണം പൂർത്തിയാകുന്നതു വരെ താത്കാലിക സംവിധാനമെന്ന നിലയിലാണ് എം.പി.എയുടെ സഹായം തേടിയത്. ഇക്കാര്യങ്ങൾ ചർച്ച ചെയ്യുന്നതിന് 26 ന് യോഗം ചേരും. മലിനീകരണ നിയന്ത്രണ ബോർഡ് ഉൾപ്പെടെ ഏജൻസികൾ യോഗത്തിൽ പങ്കെടുക്കും. കലൂർ, മട്ടാഞ്ചേരി മരക്കടവ് അറവുശാലകളുടെ നിർമ്മാണം കഴിയുന്നത്ര വേഗത്തിൽ പൂർത്തിയാക്കും.
ടി.കെ. അഷ്റഫ്
ആരോഗ്യസ്ഥിരം സമിതി ചെയർമാൻ
കോർപ്പറേഷന്റെ ഉടമസ്ഥതയിലുള്ള കലൂരിലെ സ്ഥലത്താണ് കഴിഞ്ഞ 40 വർഷമായി അറവുശാല പ്രവർത്തിക്കുന്നത്. 14 കോടി രൂപയുടെ കിഫ്ബി ഫണ്ട് ഉപയോഗിച്ച് ആധുനിക അറവുശാല നിർമ്മിക്കാനുള്ള ഒരുക്കത്തിലാണ് കോർപ്പറേഷൻ. കഴിഞ്ഞ യു.ഡി. എഫ് ഭരണ സമിതി പദ്ധതിക്ക് അംഗീകാരം നൽകിയിരുന്നു. മരക്കടവ് അറവുശാലയുടെ രൂപരേഖ തയ്യാറാക്കിയെങ്കിലും പദ്ധതിക്ക് തുടക്കമിടാൻ കഴിഞ്ഞിട്ടില്ല.