high-court

കൊച്ചി: അട്ടപ്പാടിയിൽ ആദിവാസി യുവാവായ മധുവിനെ മർദ്ദിച്ചു കൊലപ്പെടുത്തിയ കേസിലെ 12 പ്രതികളുടെ ജാമ്യം റദ്ദാക്കിയ വിചാരണക്കോടതിയുടെ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. രണ്ടാം പ്രതി പാലക്കാട് കള്ളമല കിളയിൽ വീട്ടിൽ മരയ്ക്കാർ,അഞ്ചാം പ്രതി കള്ളമല താഴുശേരി വീട്ടിൽ രാധാകൃഷ്ണൻ എന്നിവർ നൽകിയ ഹർജിയിൽ ജസ്റ്റിസ് ഡോ. കൗസർ എടപ്പഗത്താണ് സ്റ്റേ അനുവദിച്ചത്. കൊലക്കുറ്റത്തിനു പുറമേ പട്ടികജാതി പട്ടികവർഗ വിഭാഗങ്ങൾക്കെതിരായ അതിക്രമം തടയൽ നിയമപ്രകാരമുള്ള കുറ്റങ്ങളും കേസിൽ ചുമത്തിയിരുന്നു. ഹൈക്കോടതിയാണ് പ്രതികൾക്ക് ജാമ്യം അനുവദിച്ചത്. ഇതു കീഴ്‌ക്കോടതിക്ക് റദ്ദാക്കാനാവില്ലെന്ന നിയമപ്രശ്നമാണ് പ്രതികൾ ഉന്നയിച്ചത്. പ്രശ്നത്തിൽ വിശദമായി വാദം കേൾക്കേണ്ടതുണ്ടെന്ന് സിംഗിൾബെഞ്ച് വ്യക്തമാക്കി. ഹർജി 29നു പരിഗണിക്കും.

പ്രതികൾ ജാമ്യവ്യവസ്ഥ ലംഘിച്ചാൽ കീഴ്‌ക്കോടതിക്ക് ജാമ്യം റദ്ദാക്കാൻ അധികാരമുണ്ടെന്ന് സർക്കാരിനായി ഹാജരായ പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ ടി.എ. ഷാജി വാദിച്ചു. പ്രതികൾ സാക്ഷികളെ സ്വാധീനിച്ചോ എന്നറിയാൻ കേസിന്റെ രേഖകൾ വിളിച്ചു വരുത്തി പരിശോധിക്കുമെന്നും സിംഗിൾബെഞ്ച് വ്യക്തമാക്കി. 2018 ഫെബ്രുവരി 22നാണ് മധു ആൾക്കൂട്ട കൊലപാതകത്തിനിരയായത്.

ജുഡിഷ്യൽ ഓഫീസറെ സംരക്ഷിക്കും

വിചാരണ നടത്തുന്ന ജുഡിഷ്യൽ ഓഫീസറെ പ്രതികളുടെ അഭിഭാഷകൻ ഭീഷണിപ്പെടുത്തിയതിൽ സിംഗിൾബെഞ്ച് ശക്തമായി പ്രതികരിച്ചു. ഇത്തരക്കാർക്കു വേണ്ടി വാദിക്കരുത്. ജുഡിഷ്യൽ ഓഫീസറെ സംരക്ഷിക്കും. ഭീഷണിപ്പെടുത്തിയെന്ന ആരോപണം തെറ്റാണെന്ന് ഹർജിക്കാരുടെ അഭിഭാഷകൻ പറഞ്ഞെങ്കിലും ജുഡിഷ്യൽ ഓഫീസറുടെ ഉത്തരവിലുള്ള കാര്യങ്ങളെ എന്തിനാണ് അവിശ്വസിക്കുന്നതെന്ന് ഹൈക്കോടതി ചോദിച്ചു.