
കളമശേരി: പെരിയാറിലേക്ക് വീണ്ടും രാസമാലിന്യങ്ങൾ ഒഴുക്കി സ്വകാര്യ കമ്പനികൾ. പാതാളം റഗുലേറ്റർ കം ബ്രിഡ്ജിന് സമീപം ഇന്നലെ രാവിലെ 9.30നാണ് രാസമാലിന്യം ഒഴുക്കുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. പാൽ നുര പോലെ പതഞ്ഞൊഴുകുന്ന രാസമാലിന്യത്തിൽ നിന്ന് ആവി ഉയരുന്നതും ദൃശ്യമായിരുന്നു. ശക്തമായ മഴയുടേയും വെള്ളപ്പൊക്കത്തിന്റെയും മറവിൽ രാസമാലിന്യങ്ങൾ തുറന്നു വിടുന്നത് പതിവാണെന്ന് നാട്ടുകാർ പറയുന്നു.
മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥരെ വിവരമറിയിച്ചാൽ പ്രദേശവാസികളെ ബോധിപ്പിക്കാൻ സാമ്പിൾ ശേഖരിച്ച് പോകും. റിപ്പോർട്ട് പുറത്തു വിടാറില്ല. പെരിയാറിനെ സംരക്ഷിയ്ക്കാൻ പൊതു കൂട്ടായ്മകളും പദ്ധതികളും ആവിഷ്കരിക്കുന്നെന്ന് പറയുന്നുണ്ടെങ്കിലും എല്ലാം കടലാസിലും പ്രസംഗങ്ങളിലും ഒതുങ്ങുകയാണെന്ന് ആക്ഷേപമുണ്ട്. പെരിയാറിനോട് ചേർന്ന് പാലത്തിലും പരിസരത്തുമായി സ്ഥാപിച്ചിട്ടുള്ള 14 ഓളം നിരീക്ഷണ കാമറകൾ പ്രവർത്തനരഹിതമാണ്. ഒരു കോടി രൂപയോളം മുടക്കി പുതുതായി വാങ്ങിയ നിരീക്ഷണ കാമറകൾ സ്ഥാപിക്കാൻ കഴിയാതെ മലിനീകരണ നിയന്ത്രണ ബോർഡ് ഓഫീസിലുണ്ട്.