കാലടി: ആദിശങ്കര എൻജിനിയറിംഗ് കോളേജിലെ സിവിൽ ഡിപ്പാർട്ട്മെന്റിനെ മിഷൻ അമൃത് സരോവർ-ജൽധരോഹർ സംരക്ഷണ ഇന്റേൺഷിപ്പിന് തിരഞ്ഞെടുത്തു. കേന്ദ്ര ഭവന-നഗരകാര്യ മന്ത്രാലയവും എ.ഐ.സി.ടി.ഇയും ചേർന്ന് നടപ്പാക്കുന്ന സംരംഭമാണിത്.
ആദിശങ്കര എൻജിനിയറിംഗ് കോളേജ് സിവിൽ ഡിപ്പാർട്ട്മെന്റിലെ 15 കുട്ടികളും അദ്ധ്യാപകരും ചേർന്ന സംഘം ഇടക്കൊച്ചിയിലെ പഷ്ണിത്തോട് സന്ദർശിച്ച് വെള്ളം, മണ്ണ്, ഭൂപ്രകൃതി തുടങ്ങിയവ പഠിക്കുകയും തോട് പുനരുദ്ധരിക്കാനുള്ള നിർദ്ദേശങ്ങൾ അടങ്ങിയ റിപ്പോർട്ട് എ.ഐ.സി.ടി.ഇയ്ക്ക് സമർപ്പിക്കുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇന്റേൺഷിപ്പ് . നാട്ടുകാരുടെയും ഉദ്യോഗസ്ഥരുടെയും അഭിപ്രായംകൂടി പരിഗണിച്ചാണ് റിപ്പോർട്ട് തയാറാക്കിയത്. പഠന റിപ്പോർട്ട് കൊച്ചിൻ കോർപ്പറേഷൻ സൂപ്രണ്ടിംഗ് എൻജിനിയർ കെ. ബോബൻ, അമൃത് സരോവർ പ്രൊജക്ട് നോഡൽ ഓഫീസർ പി.ജെ.സ്മിത, അസി. എൻജിനിയർ സി.ജി.സന്തോഷ് എന്നിവർക്ക് വിദ്യാർത്ഥികൾ കൈമാറി. ആദിശങ്കര എൻജിനിയറിംഗ് കോളേജ് സിവിൽ ഡിപ്പാർട്ടമെന്റ് മേധാവി പി. സി.അനീഷിന്റെ മേൽനോട്ടത്തിൽ നടത്തിയ ഗവേഷണ പ്രവർത്തനങ്ങളിൽ ബി.ടെക് ഒന്നാം വർഷം മുതലുള്ള പങ്കാളികളായ കുട്ടികൾക്ക് ഇന്റേൺഷിപ്പ് തുക ഉൾപ്പടെ രണ്ടു ലക്ഷം രൂപ ലഭിക്കും. സാമൂഹ്യ പ്രതിബദ്ധതയുള്ള അനേകം പദ്ധതികളുടെ ഭാഗമായ സിവിൽ ഡിപ്പാർട്ട്മെന്റിന് മറ്റൊരു പൊൻതൂവലാണ് പ്രൊജക്ട് എന്ന് കോളേജ് പ്രിൻസിപ്പൽ ഡോ. വി.സുരേഷ് കുമാർ പറഞ്ഞു.