ആലുവ: കൊച്ചി മെട്രോ നവീകരിച്ച നടപ്പാതയിലെയും മേൽപ്പാലത്തിനടിയിലെ പാർക്കിംഗ് ഏരിയയിലെയും കൈയേറ്റം ഒഴിപ്പിക്കുന്നതിൽ ആലുവ നഗരസഭയ്ക്ക് ഇരട്ടനീതിയെന്ന് ആക്ഷേപം. പാർക്കിംഗ് ഏരിയയിലെ കൈയേറ്റം ഒഴിപ്പിച്ച നഗരസഭ നടപ്പാതയിലെ കൈയേറ്റം കണ്ടില്ലെന്ന് നടിക്കുകയാണ്.

ദേശീയപാത അധികൃതരുടെ അനുമതിയോടെ മേൽപ്പാലത്തിനടിയിൽ പേ ആൻഡ് പാർക്ക് നടത്തുന്നതിന് നഗരസഭയിൽ നിന്ന് കരാർ എടുത്തയാളാണ് പാർക്കിംഗ് സ്ഥലത്ത് തട്ടുകട, ലോട്ടറി, പാൻമസാല എന്നീ കച്ചവടങ്ങൾക്ക് സ്ഥലം തറവാടക വാങ്ങി അനുവദിച്ചത്. സ്വകാര്യ ബസ് സ്റ്റാൻഡിന് പിൻവശത്ത് മെട്രോ നിർമ്മിച്ചിട്ടുള്ള നടപ്പാതയിൽ നഗരസഭാ കൗൺസിലറുടെ അടുത്ത ബന്ധുവും ഡി.വൈ.എഫ്.ഐയുടെ പ്രാദേശിക നേതാവുമാണ് തട്ടുകട തുറന്നത്. നടത്തിപ്പ് അന്യസംസ്ഥാനക്കാരെ ഏൽപ്പിച്ചിരിക്കുകയാണ്. ഇരുവശത്തെയും കൈയേറ്റങ്ങൾ കഴിഞ്ഞ ദിവസം 'കേരളകൗമുദി' റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് സംഭവം വിവാദമാകുകയും നഗരസഭ ആരോഗ്യവിഭാഗം ഭാഗിക നടപടിയെടുക്കുകയും ചെയ്തു. നിലവിൽ ക്ളോക്ക് ടവർ ബിൽഡിംഗിൽ പ്രവർത്തിക്കുന്ന നഗരസഭാ ആരോഗ്യവിഭാഗം സബ് ഓഫീസിനോട് റിപ്പോർട്ട് തേടിയിരിക്കുകയാണ്. നടപ്പാത കൈയേറിയ ഭാഗത്തെ 25 ചതുരശ്ര അടിമാത്രം വിസ്തീർണമുള്ള കടക്ക് നൽകിയ ലൈസൻസ് സംബന്ധമായ വിവരങ്ങളാണ് തേടിയിട്ടുള്ളത്. യഥാർത്ഥത്തിൽ നടപ്പാത കൈയേറിയവരെ സംരക്ഷിക്കാനും അവർക്ക് നിയമപരമായ സഹായം നൽകാനുമാണ് നഗരസഭയുടെ നീക്കം. കൈയേറ്റം ഒഴിപ്പിക്കുമെന്ന് പ്രഖ്യാപിക്കേണ്ടതിന് പകരം, പരിശോധിച്ച് നടപടിയെടുക്കുമെന്ന് ചെയർമാൻ എം.ഒ. ജോൺ പറഞ്ഞതും കൈയേറ്റക്കാരെ സംരക്ഷിക്കുന്നതിനാണെന്നാണ് ആക്ഷേപം.

പാർക്കിംഗ് ഏരിയയിലെ കൈയേറ്റക്കാരെ ഒഴിപ്പിക്കുന്നതിന്റെ ഭാഗമായി ചൊവ്വാഴ്ച്ച വൈകിട്ട് ലോട്ടറി തട്ടുകളെല്ലാം നഗരസഭ കസ്റ്റഡിയിലെടുത്തിരുന്നു. എന്നാൽ ലോട്ടറി കച്ചവടം ഇന്നലെയും തടസമില്ലാതെ നടന്നു. ലോട്ടറി തട്ടിന് പകരം റെഡിമെയ്ഡ് സ്റ്റാൻഡാണ് ഉപയോഗിച്ചത്. ജില്ലാ ആശുപത്രിക്ക് സമീപത്തെ രാജൻ എന്നയാളാണ് ഉടമയെന്നും 700 രൂപ ദിവസവേതനത്തിനാണ് ജോലി ചെയ്യുന്നതെന്നും ഇവിടത്തെ ജീവനക്കാരൻ 'കേരളകൗമുദി'യോട് പറഞ്ഞു. മെട്രോ പുൽത്തകിടി പിടിപ്പിച്ച് സൗന്ദര്യവത്കരിച്ച സ്ഥലത്താണ് ലോട്ടറി തട്ടുകൾ സ്ഥാപിച്ചിരുന്നത്. ഇവിടെ തട്ടുകടക്കാരുടെ ഉന്തുവണ്ടികൾ മൂടിയിട്ടിരിക്കുന്നുമുണ്ട്.