road

കോലഞ്ചേരി: പൈപ്പ് പൊട്ടലിൽ റെക്കാഡിടാനൊരുങ്ങി ചൂണ്ടി. പൈപ്പ് പൊട്ടൽ തുടർക്കഥയായതോടെ പൊട്ടിക്കുന്നതാണോയെന്ന സംശയത്തിലാണ് നാട്ടുകാർ.

ചൂണ്ടി വാട്ടർ അതോറി​റ്റിയിൽ നിന്ന് ഐക്കരനാട്, പൂതൃക്ക പഞ്ചായത്തുകളിലേക്ക് വെള്ളമെത്തിക്കുന്ന വലിയ പൈപ്പാണ് പത്താംമൈലിൽ കൊച്ചി- ധനുഷകോടി ദേശീയപാതയ്ക്ക് നടുവിൽ ബുധനാഴ്ച വൈകിട്ട് നാലു മണിയോടെ വലിയ ശബ്ദത്തോടെ പൊട്ടിയത്. ഈ സമയം റോഡിൽ വാഹനങ്ങൾ ഇല്ലാതിരുന്നതിനാൽ വൻ അപകടമൊഴിവായി. പൈപ്പ് പൊട്ടി റോഡ് തകർന്നതോടെ ഇവിടം മണിക്കൂറുകളോളം ഗതാഗതക്കുരുക്കിലായി. കുടിവെള്ള വിതരണവും തടസപ്പെട്ടു. സമീപത്തെ കച്ചവട സ്ഥാപനങ്ങളിലേക്ക് വെള്ളവും ചെളിയും കയറിയതോടെ വ്യാപാരികൾ ആവശ്യപ്പെട്ടതനുസരിച്ച് വാൽവ് അടച്ച് വെള്ളത്തിന്റെ ഒഴുക്ക് നിർത്തിയിട്ടുണ്ട്. വെയി​റ്റിംഗ് ഷെഡിന്റെ മുൻവശത്ത് റോഡിനോടു ചേർന്ന് വലിയ ഗർത്തം രൂപപ്പെട്ടിരിക്കുകയാണ്. ഇതേ ഭാഗത്ത് നേരത്തെയും പൈപ്പ് പൊട്ടിയിട്ടുണ്ട്. ദേശീയപാതയിൽ എസ്.എൻ.ഡി.പി ശാഖാ മന്ദിരത്തിന് സമീപം രണ്ട് മാസം മുമ്പ് പൈപ്പ് പൊട്ടിയിരുന്നു.

പൈപ്പ് പൊട്ടൽ നിത്യസംഭവം

കാലഹരണപ്പെട്ട പൈപ്പ് വാട്ടർ അതോറി​റ്റി പമ്പ് ഹൗസ് മുതൽ ചൂണ്ടി വരെ നവീകരിച്ചെങ്കിലും ജംഗ്ഷനിലേക്ക് പുതിയ പൈപ്പ് എത്തിയിട്ടില്ല. ഈ പൈപ്പിനു സമീപത്തുകൂടിയാണ് വൈദ്യുതി ബോർഡിന്റെ ഭൂഗർഭ കേബിൾ പോകുന്നത്. പൈപ്പ് പൊട്ടുമ്പോൾ വൈദ്യുതി ലൈനിന് കേട് സംഭവിച്ചാൽ വൻ ദുരന്തമുണ്ടാകാൻ സാദ്ധ്യതയുണ്ടെന്ന ഭീതിയും വ്യാപാരികളെ അലട്ടുന്നു. കരാറുകാരും അധികൃതരും തമ്മിലെ ഒത്തുകളിയാണ് പൈപ്പ് നവീകരിക്കാത്തതിന് പിന്നിലെന്ന പരാതിയും ഉയരുന്നു.

ചില ഷിഫ്റ്റുകളിൽ ജോലി നോക്കുന്നവർ കുടിവെള്ള വിതരണത്തിനിടെ പൈപ്പിൽ വരുത്തേണ്ട സമ്മർദ്ദ വ്യതിയാനങ്ങളിൽ കൃത്യത പാലിക്കാതെ അശ്രദ്ധമായി കൈകാര്യം ചെയ്യുന്നതാണ് പൈപ്പ് പൊട്ടലിനു കാരണമായി പറയുന്നത്.

തുടർച്ചയായി പൈപ്പ് പൊട്ടുന്നതിന്റെ കാരണം മനസിലാക്കി പരിഹാരംകാണാൻ വാട്ടർ അതോറി​റ്റി ഉദ്യോഗസ്ഥർ തയ്യാറാകുന്നില്ല.

ജോൺ ജോസഫ്

പൂതൃക്ക പഞ്ചായത്ത് മുൻ അംഗം