മൂവാറ്റുപുഴ: ജില്ലയിലെ കിഴക്കൻ മേഖലയിൽ പശുക്കൾക്ക് ചർമ്മ മുഴ രോഗം പടരുന്നു. രോഗം വ്യാപകമായതോടെ ക്ഷീരകർഷകർ ആശങ്കയിലാണ്.

പ്രതിരോധ നടപടികളിലൂടെ ജില്ലയിലെ മറ്റിടങ്ങളിൽ രോഗവ്യാപനം തടഞ്ഞിരുന്നു. പാലുത്പാദനവും പശുക്കളുടെ പ്രത്യുത്പാദനക്ഷമതയുമെല്ലാം ഗണ്യമായി കുറയ്ക്കുന്ന ലംപി സ്കിൻ ക്ഷീരമേഖലയ്ക്ക് വലിയ വെല്ലുവിളിയായി കണക്കാക്കപ്പെടുന്നു


ലംപി സ്കിൻ ഡിസീസ് എന്നറിയപ്പെടുന്ന രോഗം മഞ്ഞള്ളൂർ പഞ്ചായത്തിലാണ് റിപ്പോർട്ട് ചെയ്തത്. പിരളിമറ്റത്ത് അഞ്ച് കർഷകരുടെ പശുക്കൾക്കാണ് ചർമ്മമുഴ സ്ഥിരീകരിച്ചത്.

ഈച്ച, ചെള്ള്, കൊതുക്, വട്ടൻ തുടങ്ങിയ ബാഹ്യപരാദങ്ങളാണ് രോഗം പടർത്തുന്നത്. കടുത്ത പനി, പാൽ ഉത്പാദനം ഗണ്യമായി കുറയൽ, തീറ്റ മടുപ്പ്, മെലിച്ചിൽ, കണ്ണിൽ നിന്നും മൂക്കിൽ നിന്നും നീരൊലിപ്പ്, വായിൽ നിന്ന് ഉമിനീർ പതഞ്ഞൊലിക്കൽ, കഴലകളുടെ വീക്കം എന്നിവയാണ് രോ ഗലക്ഷണങ്ങൾ. കന്നുകാലികളുടെ ത്വക്കിന് മുകളിൽ മുഴകൾ പ്രത്യക്ഷപ്പെടുകയും പിന്നീടിത് പൊട്ടി വ്രണങ്ങളായി മാറുകയും ചെയ്യും. രക്തസ്രാവവും ദുർഗന്ധവുമുണ്ട്. ത്വക്കിനൊപ്പം ദഹന, ശ്വസനവ്യൂഹങ്ങളെയും ലംപി സ്കിൻ വൈറസുകൾ ബാധിക്കും. കറവപ്പശുക്കളിലും ഗർഭവതികളായ പശുക്കളിലും കിടാരികളിലും രോഗസാധ്യത കൂടുതലാണ്. രോഗം വളരെ പെട്ടെന്ന് മറ്റുകന്നുകാലികളിലേക്ക് പകരും. പ്രതിരോധ കുത്തിവെപ്പും ആന്റിബയോട്ടിക്കുമാണ് ചികിത്സ. രോഗം ബാധിച്ച പശുക്കളുടെ രക്തത്തിലും ത്വക്കിൽ നിന്ന് അടരുന്ന വ്രണശൽക്കങ്ങളിലും ഉമിനീരിലും മൂക്കിൽ നിന്നും കണ്ണിൽ നിന്നുമുള്ള സ്രവത്തിലും പാലിലും ഉയർന്ന വൈറസ് സാന്നിധ്യം ഉണ്ടാവും. അമ്മയിൽ നിന്ന് കിടാവിലേക്ക് പാൽ വഴിയും രോഗം പകരും. ഉമിനീരും മറ്റ് ശരീരസ്രവങ്ങളും കലർന്ന് രോഗാണുമലിനമായ തീറ്റകളും കുടിവെള്ളവും കഴിക്കുന്നതിലൂടെയാണ് വൈറസ് വ്യാപനം നടക്കുന്നത്. ഗോട്ട് പോക്സ് വാക്സിനാണ് പ്രതിരോധ കുത്തിവെപ്പിനായി ഉപയോഗിക്കുന്നത്. രോഗം ബാധിച്ച പ്രദേശത്തു നിന്ന് ഒരുകിലോമീറ്റർ മാറിയുള്ള കന്നുകാലികൾക്കാണ് കുത്തിവെപ്പ് നൽകേണ്ടതെന്ന് വെറ്ററിനറി ഡോക്ടർമാർ പറഞ്ഞു.