തൃക്കാക്കര: വസ്തു നികുതി പിരിക്കുന്നതിൽ അലംഭാവം മൂലം തൃക്കാക്കര നഗരസഭയ്ക്ക് നഷ്ടപ്പെട്ടത് രണ്ടുകോടി തൊണ്ണൂറ്റിനാലു ലക്ഷം രൂപയെന്ന് ഓഡിറ്റ് റിപ്പോർട്ട്. 2020-21 വർഷം വസ്തുനികുതി ഇനത്തിൽ 29,437,241 രൂപ ഉൾപ്പടെ 17,296,627 രൂപയും , മുൻവർഷങ്ങളിലെ കുടിശിക 12,140,614 രൂപയും നഗരസഭ പിരിച്ചെടുക്കുന്നതിൽ വീഴ്ച വരുത്തിയതായി ഓഡിറ്റ് റിപ്പോർട്ടിൽ പറയുന്നു.

നഗരസഭാ പ്രദേശത്തെ കെട്ടിടങ്ങൾക്ക് വാർഡ് അടിസ്ഥാനത്തിൽ നമ്പർ ഇടുന്നതിൽ വീഴ്ച സംഭവിച്ചു. അതിനാൽ പല കെട്ടിടങ്ങൾക്കും നമ്പർ നൽകാൻ സാധിച്ചിട്ടില്ല.അതിനാൽ നഗരസഭയിലെ കെട്ടിട നമ്പർ കുടിശിക കൃത്യമല്ല. കുടിശിക ഡീമാറ്റ് രജിസ്റ്റർ നഗരസഭാ സൂക്ഷിച്ചിട്ടില്ല. തൊഴിൽകരം പിരിക്കുന്നതിൽ അലംഭാവമുണ്ട്.

ബാങ്കുകൾ, മാവേലി സ്റ്റോറുകൾ ,സർക്കാർ,ഐ.ടി സ്ഥാപനങ്ങൾ തുടങ്ങി മുപ്പതോളം സ്ഥാപനങ്ങൾ തൊഴിൽകരം പിരിക്കാത്തവയിൽപ്പെടുന്നു. മുപ്പത് കെട്ടിടങ്ങൾക്കാണ് അപാകത കണ്ടെത്തിയിട്ടുള്ളത്. 74 കെട്ടിട പെർമിറ്റ് നൽകിയതിന്റെ രേഖകൾ ഓഡിറ്റ് അധികൃതർ മുമ്പാകെ ഉദ്യോഗസ്ഥർ ഹാജരാക്കിയിട്ടില്ല.

വെജിറ്റബിൾസ് ആൻഡ് പ്രമോഷൻ കൗൺസിൽ, ഇൻസ്‌പെക്ടർ ലീഗൽ മെട്രോളജി, അസി.എൻജിനിയർ പി.ഡബ്ലൂ.ഡി റോഡ്, സെൻട്രൽ വെയർ ഹൗസ് കോർപ്പറേഷൻ, ഹിന്ദി ടീച്ചിംഗ് സ്‌കീം, പ്രസ് ഇൻഫോർമേഷൻ ബ്യൂറോ, ഫീൽഡ് ഇൻഫോർമേഷൻ ഓഫീസ് തുടങ്ങിയവിടങ്ങളിൽ നിന്ന് തൊഴിൽകരം പിരിക്കുന്നില്ല.

സൂപ്പർ മാർക്കറ്റ് കെട്ടിടത്തിന് നികുതി നിർണയിച്ചിട്ടില്ല

 കെട്ടിടങ്ങൾ വിഭജിച്ച് വസ്തു നികുതി നിർണയിച്ചതിൽ അപാകത
 ജീവനക്കാരുടെ തൊഴിൽ നികുതി ഈടാക്കിയതിൽ കുറവ്

വയോജനങ്ങൾക്ക്

കട്ടിൽ വിതരണത്തിലും നഷ്ടം

തൃക്കാക്കര നഗരസഭയിലെ വയോജനങ്ങൾക്ക് കട്ടിൽ വിതരണം ചെയ്തതിലും അപാകത കണ്ടെത്തി. അതുവഴി 5,64,850 രൂപയുടെ നഷ്ടം സംഭവിച്ചിട്ടുണ്ട്. നഗരസഭാ പ്രദേശത്തെ 60 വയസ് കഴിഞ്ഞ 500 ഗുണഭോക്താക്കൾക്ക് കട്ടിൽ വാങ്ങി വിതരണം ചെയ്യാനായിരുന്നു തീരുമാനം.സിഡ്‌കോയിൽ നിന്നും ഐ.സി.ഡി.എസ് സൂപ്രവൈസർ നേരിട്ട് വാങ്ങി വിതരണം ചെയ്യുന്നതാണ് പദ്ധതി. എല്ലാ ടാക്സുകളും ഉൾപ്പടെ ഒരു കട്ടിലിന് 3950 രൂപക്ക് ആകെ 500 കട്ടിലുകൾ വാങ്ങി.എന്നാൽ ഇത് സ്റ്റോക്ക് എടുക്കുകയോ ബില്ലിൽ വിവരം രേഖപ്പെടുത്തുകയോ ചെയ്തിട്ടില്ല. വിതരണം ചെയ്തതിന്റെ രജിസ്റ്റർ മാത്രമാണ് നഗരസഭയിൽ സൂക്ഷിച്ചിരിക്കുന്നത്.
രജിസ്റ്റർ പ്രകാരം 357 പേർക്കാണ് കട്ടിലുകൾ വിതരണം ചെയ്തത്.ബാക്കി 143 കട്ടിലുകൾ വിതരണം ചെയ്തതായി രേഖയില്ല. 14 കട്ടിലുകൾ വിതരണം ചെയ്യാതെ ഒരു അങ്കൻവാടിയുടെ മുകളിൽ കുട്ടിയിട്ടിരിക്കുകയാണെന്ന് ഐ.സി.ഡി.എസ് സൂപ്രവൈസർ അറിയിച്ചു. എന്നാൽ ബാക്കി 129 കട്ടിലുകൾ ആർക്ക് വിതരണം ചെയ്‌തെന്ന് വ്യക്തമാക്കിയിട്ടില്ല.