c-e-a

കളമശേരി : കേരള കാർഷിക സർവകലാശാല ജനറൽ കൗൺസിലിലെ കുസാറ്റ് സെനറ്റ് പ്രതിനിധി ഹരിലാലിനെ സസ്‌പെൻഡ് ചെയ്തതിൽ കുസാറ്റ് എംപ്ലോയീസ് അസോസിയേഷൻ പ്രതിഷേധിച്ചു.

ജൂലായ് 30ന് ചേർന്ന യോഗത്തിൽ രജിസ്ട്രാറോട് മര്യാദയില്ലാതെ പെരുമാറിയെന്നാരോപിച്ചാണ് വൈസ് ചാൻസലർ ഡോ. ആർ. ചന്ദ്രബാബു സസ്പെൻഡ് ചെയ്തത്.

സർവകലാശാലാ ജീവനക്കാരുടെ സംസ്ഥാന കോൺഫെഡറേഷൻ ജനറൽ സെക്രട്ടറിയാണ് ഹരിലാൽ. വി.സി സെർച്ച് കമ്മിറ്റി തിരഞ്ഞെടുപ്പിൽ ഭൂരിപക്ഷമൊപ്പിക്കാനുള്ള രാഷ്ട്രീയനീക്കമാണ് സസ്‌പെൻഷനെന്ന് ഹരിലാൽ പറഞ്ഞു. യോഗത്തിൽ നടപടിക്രമങ്ങൾ അനാവശ്യമായി നീട്ടിയപ്പോൾ നിയമം വായിച്ച് വ്യക്തത വരുത്താനാണ് താൻ ശ്രമിച്ചത്. അതിൽ ഇടപെട്ട് രജിസ്ട്രാർ സംസാരിച്ചു. രജിസ്ട്രാർക്ക് ജനറൽ കൗൺസിൽ യോഗത്തിൽ സംസാരിക്കാൻ അവകാശമില്ലെന്നത് ചൂണ്ടിക്കാണിച്ചതാണ് നടപടിക്ക് കാരണമെന്നും ഹരിലാൽ പറഞ്ഞു.

കുസാറ്റ് എംപ്ലോയീസ് അസോസിയേഷൻ പ്രതിഷേധത്തിൽ പ്രസിഡന്റ് എ.എസ്. സിനേഷ് അദ്ധ്യക്ഷനായി. ഹരിലാൽ, പി.കെ. പത്മകുമാർ, പി. എം. ശിവദാസ് എന്നിവർ സംസാരിച്ചു.