മട്ടാഞ്ചേരി: ഏറെ പ്രതീക്ഷയോടെ ആരംഭിച്ച മട്ടാഞ്ചേരി ബോട്ട് ജെട്ടിയുടെ നിർമാണ പ്രവർത്തനങ്ങൾ വീണ്ടും അവതാളത്തിലായി. ജെട്ടിയുടെ നിർമാണ പ്രവർത്തനങ്ങൾ കഴിഞ്ഞ മൂന്നാഴ്ചയായി നിലച്ചിട്ട്. പൈതൃക സ്മാരകമായ മട്ടാഞ്ചേരി കൊട്ടാരത്തിന്റെ എതിർ വശത്താണ് ജെട്ടിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നത്. ഇത് മൂലം പുരാവസ്തു വകുപ്പ് നോട്ടീസ് നൽകിയതാണ് നിർമ്മാണം തടസപ്പെടാൻ കാരണമെന്ന് അധികൃതർ പറയുന്നു.
ജെട്ടി പുനർ നിർമ്മാണമല്ല മറിച്ച് നിലവിലെ കെട്ടിടം നിലനിർത്തി കൊണ്ടുള്ള നവീകരണമാണ് നടക്കുന്നതെന്ന് ഇറിഗേഷൻ വകുപ്പ് അധികൃതർ മറുപടി നൽകിയെങ്കിലും അതിന് പുരാവസ്തു വകുപ്പിന്റെ ഭാഗത്ത് നിന്ന് പ്രതികരണമൊന്നും ഉണ്ടായിട്ടില്ല. ഇൻലാന്റ് നാവിഗേഷൻ കോർപ്പറേഷന്റെ 97 ലക്ഷം രൂപ വിനിയോഗിച്ച് കൊണ്ട് ഇറിഗേഷൻ വകുപ്പാണ് ജെട്ടി നവീകരിക്കുന്നത്.കഴിഞ്ഞ ഡിസംബറിൽ ആരംഭിച്ച നിർമ്മാണ പ്രവൃത്തികൾ തൊഴിൽ തർക്കം മൂലം രണ്ട് മാസം പ്രവർത്തനങ്ങൾ തടസപ്പെട്ടിരുന്നു.ഇത് പരിഹരിച്ച് നിർമ്മാണ പ്രവർത്തനങ്ങൾ പുന:രാരംഭിച്ചെങ്കിലും വിവിധ കാരണങ്ങളാൽ നിർമ്മാണം ഇഴഞ്ഞ് നീങ്ങുകയാണ്.