ആലുവ: കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിൽ വിവിധ കരാർ കമ്പനികളിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് ഓണം ബോണസായി 20 ശതമാനം തുകയും 10 ശതമാനം പെർഫോമൻസ് അലവൻസും നൽകണമെന്ന് കൊച്ചി മെട്രോ സ്റ്റാഫ് ആൻഡ് വർക്കേഴ്‌സ് അസോസിയേഷൻ ആവശ്യപ്പെട്ടു.
തൊഴിലാളികളുടെ സേവന, വേതന വ്യവസ്ഥകൾ ചർച്ച ചെയ്യാൻ സെൻട്രൽ ലേബർ കമ്മിഷണർ വിളിക്കുന്ന അനുരഞ്ജന യോഗങ്ങളിൽ പങ്കെടുക്കാതെ ഒഴിഞ്ഞുമാറുന്ന കെ.എം.ആർ.എൽ മാനേജ്‌മെന്റിന്റെ നടപടിക്കെതിരെ ഹൈക്കോടതിയെ സമീപിക്കാൻ സംഘടന തീരുമാനിച്ചു. യോഗം ഐ.എൻ.ടി.യു.സി സംസ്ഥാന വൈസ് പ്രസിഡന്റ് വി.പി.ജോർജ് ഉദ്ഘാടനം ചെയ്തു. സെക്രട്ടറി രഞ്ജിത് കൊച്ചുവീടൻ അദ്ധ്യക്ഷത വഹിച്ചു. നേതാക്കളായ വിജു ചൂളക്കൻ, ഷിജോ തച്ചപ്പിള്ളി, പി.ഡി.പ്രദീപ് കുമാർ, നസീർ ചൂർണിക്കര, സീനാ ദേവസി, ബിന്ദു വിജയൻ, എബി കോഴിക്കാടൻ, മഞ്ജുഷാ സന്തോഷ്, ആശ പ്രസാദ് എന്നിവർ സംസാരിച്ചു.