വൈപ്പിൻ: വൈപ്പിനിൽ നിന്നുള്ള സ്വകാര്യ ബസുകൾക്ക് നഗരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് സർവീസ് നടത്താൻ അനുവാദം നൽകണമെന്ന് ആവശ്യപ്പെട്ട് വൈപ്പിൻ മുതൽ മുനമ്പം വരെയുള്ള 70 ബസ് സ്റ്റോപ്പുകളിൽ പ്രതിഷേധജ്വാല തെളിച്ചു. വൈപ്പിൻ മേഖലയിലെ മുന്നൂറോളം വരുന്ന റസിഡന്റ്സ് അസോസിയേഷനുകളാണ് സമരവുമായി രംഗത്തുവന്നത്. ഗോശ്രീ പാലങ്ങൾ തുറന്നു കൊടുത്തിട്ട് പതിനെട്ട് വർഷം പിന്നിട്ടെങ്കിലും ഇതുവഴിയുള്ള ബസുകൾക്ക് ഹൈക്കോടതി ജംഗ്ഷൻ വരെ മാത്രമേ പ്രവേശനമുള്ളൂ.

ഗോശ്രീ കവലയിലെ പ്രതിഷേധ ജ്വാലയിൽ ഫ്രാഗ് പ്രസിഡന്റ് അഡ്വ.സാബു, ജനറൽ സെക്രട്ടറി അനിൽ പ്ലാവിയൻസ്, ചലച്ചിത്ര താരം പൗളി വത്സൻ, സംവിധായകൻ വ്യാസൻ എടവനക്കാട്, എസ്.എൻ.ഡി.പി. യൂണിയൻ വൈപ്പിൻ പ്രസിഡന്റ് ടി.ജി.വിജയൻ തുടങ്ങിയവർ സംസാരിച്ചു. വിവിധ സ്ഥലങ്ങളിലായി പഞ്ചായത്ത് പ്രസിഡന്റുമാരായ രസികല പ്രിയരാജ്, ടി.ടി.ഫ്രാൻസിസ്, കെ.എസ്.നിബിൻ, രമണി അജയൻ, ജില്ലാ പഞ്ചായത്ത് അംഗം കെ.ജി.ഡോണോ, ഞാറക്കൽ ശ്രീനി, സിപ്പി പള്ളിപ്പുറം, അഡ്വ.കെ.വി.അബ്രഹാം, കെ.കെ.അബ്ദുൽ റഹ്മാൻ, എം.കെ.ദേവരാജൻ, പി.കെ.ഭാസി, കെ.പി.ഗോപാലകൃഷ്ണൻ, കെ.കെ.രത്‌നൻ, സേവി താനിപ്പിള്ളി തുടങ്ങിയവർ സംസാരിച്ചു.