
കൊച്ചി: വിപുലമായ ആരോഗ്യ പരിപാലന, രോഗനിവാരണ പ്രവർത്തനങ്ങളും ആധുനികവും കാര്യക്ഷമവുമായ സൗകര്യങ്ങളും മണീട് കുടുംബാരോഗ്യ കേന്ദ്രത്തിന് സമ്മാനിച്ചത് പുരസ്കാര നേട്ടം. ജനപങ്കാളിത്തമുള്ള നൂതന സേവന മാതൃകയ്ക്കുള്ള 2.5ലക്ഷം രൂപയുടെ മുഖ്യമന്ത്രിയുടെ പ്രത്യേക പുരസ്കാരമാണ് ആശുപത്രി സ്വന്തമാക്കിയത്.
തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ നാഷണൽ ഹെൽത്ത് മിഷൻ പ്രോഗ്രാം മാനേജർ സജിത് ജോൺ, മണീട് കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഇൻചാർജ് ഡോ.ടി.എം.വിപിൻ മോഹൻ, മണീട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.ജെ.ജോസഫ്, മണീട് കുടുംബാരോഗ്യ കേന്ദ്രം പി.ആർ.ഒ താര നമ്പൂതിരി എന്നിവർ ചേർന്ന് മുഖ്യമന്ത്രിയിൽ നിന്ന് അവാർഡ് ഏറ്റുവാങ്ങി.
നവീകരിച്ച ഐ.പി ബ്ലോക്ക്, ഇമ്മ്യൂണൈസേഷൻ റൂം, ഫീഡിംഗ് റൂം, ബയോമെഡിക്കൽ വേസ്റ്റ് മാനേജ്‌മെന്റ് യൂണിറ്റ്, ആധുനിക ലബോറട്ടറി, വിപുലമായ ഫാർമസി തുടങ്ങിയ സേവനങ്ങൾ ഒരു കുടക്കീഴിൽ ലഭിക്കുമെന്നതാണ് മണീട് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പ്രത്യേകത.
നേരത്തെ നാഷണൽ ക്വാളിറ്റി അഷ്വറൻസ് സ്റ്റാൻഡേർഡ്, ആർദ്രകേരളം അവാർഡ് തുടങ്ങിയവയും ആശുപത്രിക്ക് ലഭിച്ചിട്ടുണ്ട്.