കൊച്ചി: നഗരത്തിൽ വാഹനങ്ങളിലെത്തി മാലിന്യം വലിച്ചെറിയുന്നവർക്കെതിരെ പൊലീസ് നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി. എറണാകുളം നഗരത്തിലെ ഓൾഡ് റെയിൽവെ സ്റ്റേഷനോടു ചേർന്നുള്ള മത്തായി മാഞ്ഞൂരാൻ റോഡിൽ മാലിന്യങ്ങൾ വലിച്ചെറിയുന്നതു തടയണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിൽ ജസ്റ്റിസ് എ. മുഹമ്മദ് മുഷ്‌താഖാണ് നിർദ്ദേശം നൽകിയത്.
വാഹനങ്ങളിലെത്തി മാലിന്യങ്ങൾ വലിച്ചെറിയുന്നവർക്കെതിരെ പൊലീസ് റിപ്പോർട്ട് തയ്യാറാക്കി ഫോർട്ടു കൊച്ചി ആർ.ഡി.ഒയ്ക്ക് നൽകണമെന്നും തുടർന്ന് ഫോർട്ട് കൊച്ചി ആർ.ടി.ഒ പൊതുജന ശല്യത്തിനെതിരെ ക്രിമിനൽ നടപടി ചട്ടപ്രകാരമുള്ള നടപടി സ്വീകരിക്കണമെന്നും ഉത്തരവിൽ പറയുന്നു. പിടിച്ചെടുക്കുന്ന വാഹനങ്ങളുടെ വിവരങ്ങൾ അധികാര പരിധിയിലുള്ള മജിസ്ട്രേട്ട് കോടതിയിൽ അറിയിക്കണം. തുടർന്ന് നിയമപ്രകാരമുള്ള നടപടികളിലൂടെ കോടതി വാഹനങ്ങൾ വിട്ടു നൽകണം. മാലിന്യം വലിച്ചെറിയുന്നതിനെതിരെ സർക്കാർ സ്കൂളുകളിലെ കുട്ടികളെ ഉൾപ്പെടുത്തി ബോധവത്കരണ പരിപാടി സംഘടിപ്പിക്കുന്നതിനെക്കുറിച്ചും ഹൈക്കോടതി വിവരങ്ങൾ ആരാഞ്ഞു. ഇതു സംബന്ധിച്ച് എറണാകുളം വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറിൽ നിന്ന് റിപ്പോർട്ട് ഹാജരാക്കാനും ഹൈക്കോടതി നിർദ്ദേശിച്ചു.