തൃക്കാക്കര: തൃക്കാക്കരയിൽ കഴിഞ്ഞ രണ്ട് വർഷത്തിനിടെ യാതൊരു വികസന പ്രവർത്തനങ്ങളും നടക്കുന്നില്ലെന്ന് ആക്ഷേപവുമായി യു.ഡി.എഫ് കൗൺസിലർമാർ രംഗത്ത്. ഇന്ന് നടക്കുന്ന സ്പോർട്ട്സ് കൗണ്സിലിലേക്കുള്ള തിരഞ്ഞെടുപ്പിനെക്കുറിച്ച്‌ ചർച്ചചെയ്യാൻ ചേർന്ന യു.ഡി.എഫ് പാർലമെന്ററി പാർട്ടി യോഗത്തിനിടെയാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്.

വികസന പദ്ധതികൾ നടപ്പിലാക്കുന്നതിൽ വൻ വീഴ്ച ഉളളതായി കോൺഗ്രസ് കൗൺസിലർ ഉണ്ണി കാക്കനാട് രംഗത്ത് വന്നതോടെയാണ് പ്രശ്നങ്ങൾക്ക് തുടക്കം. തന്റെ വാർഡിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ നിർമ്മാണം ആരംഭിക്കാത്തതിനെതിരെ ലീഗ് കൗൺസിലർ സജീന അക്ബർ രംഗത്തെത്തി. ഇവർക്ക് പിന്തുണയുമായി ചില കോൺഗ്രസ് കൗൺസിലർമാരും രംഗത്ത് വന്നതോടെ യോഗത്തിൽ തർക്കം രൂക്ഷമായി. ലോൺ മേളയെച്ചൊല്ലി വൈസ് ചെയർമാൻ എ.എ ഇബ്രാഹിംകുട്ടിയും കോൺഗ്രസ് കൗൺസിലർമാരും തമ്മിൽ വാക്കേറ്റമുണ്ടായതോടെ വൈസ് ചെയർമാൻ യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയി.