dog

 തെരുവുനായ കടിച്ചാൽ നഷ്ടപരിഹാരം നിശ്ചയിക്കേണ്ട കമ്മിറ്റിയുടെ കാര്യം ദയനീയം

കൊച്ചി: ലോകം മുഴുവൻ ഓൺലൈനായ കാലത്തും കമ്പ്യൂട്ടർ, ഇന്റർനെറ്റ് സംവിധാനമില്ല. ഫോണില്ല, കത്തയയ്ക്കാൻ ഫണ്ടില്ല. തെരുവുനായ്ക്കളുടെ കടിയേറ്റവർക്ക് നഷ്ടപരിഹാരം നൽകുന്നതു സംബന്ധിച്ച വസ്തുതകൾ കണ്ടെത്താനും നിർദ്ദേശങ്ങൾ നൽകാനുമായി രൂപീകരിച്ച ജസ്റ്റിസ് എസ് . സിരിജഗൻ കമ്മിറ്റിക്കാണ് ഈ ഗതികേട്. കൊച്ചിയിലെ കമ്മിറ്റി ഓഫീസിനു സ്വന്തമായി ഫോണോ, ഇ മെയിൽ ഐ.ഡിയോ ഇല്ല. പരാതികൾ അയയ്ക്കേണ്ടതു തപാലിൽ മാത്രം. ആകെയുള്ള രണ്ടു ജീവനക്കാരിൽ ഒരാളുടെ സ്വകാര്യ മൊബൈൽ നമ്പറാണ് ഓഫീസ് നമ്പർ. സെക്രട്ടറിക്കും ചെയർമാനുമായി ഒരു ലാപ്ടോപ്പാണുള്ളത്. അപേക്ഷകരുടെ എണ്ണം ദിനംപ്രതി വർദ്ധിക്കുമ്പോഴും ഫയലുകൾ സൂക്ഷിക്കാൻ ആകെയുള്ളത് ഒരു റാക്ക് മാത്രം.

ജൂനിയർ സൂപ്രണ്ട്, ടൈപ്പിസ്റ്റ്, എൽ.ഡി, യു.ഡി ക്ളർക്ക് തസ്തികൾ ഒഴിഞ്ഞുകിടക്കുകയാണ്. സെക്രട്ടറിയും സ്റ്റെനോഗ്രാഫറുമാണ് നിലവിലുള്ളത്. ഇവരെ നിയമിച്ചത് കരാർ അടിസ്ഥാനത്തിലാണ്. എല്ലാ വർഷവും കരാർ പുതുക്കുമെന്നല്ലാതെ വേതനവർദ്ധനവോ ആനുകൂല്യങ്ങളോ ലഭിക്കുന്നില്ല.

സർക്കാരിൽ നിന്ന് മതിയായ ഫണ്ട് ലഭിക്കാത്തതാണ് പ്രധാന പ്രശ്നം. ഓഫീസ് പ്രവർത്തനത്തിനായി ജസ്റ്റിസ് എസ്.സിരിജഗൻ സ്വന്തം പോക്കറ്റിൽ നിന്നാണ് പണം ചെലവഴിക്കുന്നത്. പോസ്റ്റേജിനും ഫയൽ ബൈൻഡിംഗിനും മാത്രം ഒന്നേ കാൽ ലക്ഷം രൂപയായി. ഈ തുക ഇതുവരെ തിരികെ നൽകിയിട്ടില്ല. യാത്രാച്ചെലവ് കിട്ടാത്തതിനാൽ മറ്റു ജില്ലകളിലെ സിറ്റിംഗ് ഒഴിവാക്കി. ഇപ്പോൾ കൊച്ചിയിൽ മാത്രമാണ് സിറ്റിംഗ്.

 അപേക്ഷകളുടെ ബഹളം

5046 അപേക്ഷകളാണ് കമ്മിറ്റിക്ക് ലഭിച്ചത്. 881 പേർക്ക് നഷ്ടപരിഹാരം ലഭിച്ചു. 132 അപേക്ഷകൾ സർക്കാരിന്റെ പരിഗണനയിലാണ്. സുപ്രീംകോടതിയുടെ നിർദ്ദേശപ്രകാരം 2016 ലാണ് കമ്മിറ്റി രൂപീകരിച്ചത്. ജസ്റ്റിസ് എസ് .സിരിജഗനു പുറമെ ആരോഗ്യ ഡയറക്ടറും നിയമ സെക്രട്ടറിയുമാണ് കമ്മിറ്റിയിലെ അംഗങ്ങൾ. അപകടത്തിന്റെ തീവ്രത അനുസരിച്ചാവും നഷ്ടപരിഹാരം. തദ്ദേശ സ്ഥാപനമാണ് നഷ്ടപരിഹാരം നൽകേണ്ടത്.

 അപേക്ഷ കണക്ക്

2016 : 391

2017 : 660

2018: 705

2019: 554

2020 : 705

2021: 971

2022: 1060

 അപേക്ഷിക്കേണ്ട വിധം

തെരുവു നായയുടെ ആക്രമണത്തിനിരയാകുന്ന വളർത്തുമൃഗങ്ങളും നഷ്ടപരിഹാരത്തിന് അർഹരാണ്. കടിയേൽക്കുക, വാഹനത്തിനു കുറുകെച്ചാടി അപകടം സംഭവിക്കുക തുടങ്ങിയവയ്ക്കാണു നഷ്ടപരിഹാരം. ജസ്റ്റിസ് (റിട്ട.) സിരിജഗൻ കമ്മിറ്റി, യു.പി.എ.ഡി. ഓഫീസ് ബിൽഡിംഗ്, പരമാര റോഡ്, കൊച്ചി, എറണാകുളം 682018 എന്ന വിലാസത്തിലാണ് അപേക്ഷിക്കേണ്ടത്.