 അനധികൃത കേബിളുകൾ നീക്കിത്തുടങ്ങി

കൊച്ചി: കോർപ്പറേഷൻ പരിധിയിലെ വിവിധ പ്രദേശങ്ങളിൽ അപകടാവസ്ഥയിലുള്ള കേബിളുകൾ കോർപ്പറേഷൻ നീക്കിത്തുടങ്ങി. അനുനയനങ്ങളും ഭീഷണിയും പരാജയപ്പെട്ടതോടെയാണ് അധികൃതർ ഇതിനായി മുന്നിട്ടിറങ്ങിയത്. ബ്രോഡ്‌വേ, മാർക്കറ്റ്, പ്രസ്‌ക്ലബ് റോഡ് പ്രദേശങ്ങളിൽ ഉൾപ്പെടെ പാതയോരത്ത് അലക്ഷ്യമായി ഉപേക്ഷിച്ചിരിക്കുന്ന കേബിളുകൾ കാൽനട യാത്രക്കാർക്കും ഇരുചക്ര വാഹന യാത്രികർക്കും അപകട ഭീഷണി ഉയർത്തിയിരുന്നു. ഫുട്പാത്തുകളിൽ താഴ്ന്നുകിടക്കുന്ന കേബിളുകൾ മൂലം നടക്കാനാകാത്ത സ്ഥിതിയായി. നഗരത്തിൽ എല്ലായിടത്തും ഇതായിരുന്നു അവസ്ഥ. ഇതുസംബന്ധിച്ച് ഒട്ടേറെ പരാതികളും ഉയർന്നതോടെയാണ് കോർപ്പറേഷൻ നടപടി.

കോർപ്പറേഷന്റെ എല്ലാ തൂണുകളിലും ഇത്തരത്തിൽ അനധികൃതമായി കേബിളുകൾ സ്ഥാപിച്ചിട്ടുണ്ട്. ഇതിൽനിന്ന് കാര്യമായ വരുമാനമൊന്നും കോർപ്പറേഷന് ലഭിക്കുന്നുമില്ല.

 അനക്കമില്ലാതെ ഏജൻസികൾ

ഉപയോഗശൂന്യമായ കേബിളുകൾ നീക്കം ചെയ്യണമെന്ന് പലതവണ ആവശ്യപ്പെട്ടിട്ടും ബന്ധപ്പെട്ട ഏജൻസികൾ മൗനം പാലിച്ചു. കഴിഞ്ഞ ജൂലായ് 29ന് നഗരസഭാ സെക്രട്ടറിയുടെ ചേംബറിൽ ചേർന്ന യോഗത്തിൽ സെപ്തംബർ ഒന്നിനകം അനധികൃത കേബിളുകൾ നീക്കം ചെയ്യാമെന്ന് കേബിൾ കമ്പനി പ്രതിനിധികൾ സമ്മതിച്ചെങ്കിലും തുടർനടപടിയുണ്ടായില്ല. 15 ദിവസത്തിനകം കേബിളുകൾ നീക്കണമെന്ന് കോർപ്പറേഷൻ സെക്രട്ടറി വീണ്ടും നിർദ്ദേശം നൽകി. അല്ലാത്തപക്ഷം കോർപ്പറേഷൻ അതു നീക്കം ചെയ്ത് മുഴുവൻ ചെലവുകളും ഉത്തരവാദികളിൽ നിന്ന് ഈടാക്കുമെന്നും അറിയിച്ചു.

 ധനനഷ്ടം

പുതിയ കേബിളുകൾ വലിച്ചുകഴിഞ്ഞാൽ പഴയത് അവിടെ ഉപേക്ഷിച്ചുപോകുകയെന്നതാണ് കമ്പനികളുടെ രീതി. ടാഗില്ലാത്തതിനാൽ ഉത്തരവാദികളെ പിടികൂടാനും മാർഗമില്ല. തൊഴിലാളികളുടെ കൂലി, വാഹന വാടക എന്നിങ്ങനെ കേബിളുകൾ നീക്കം ചെയ്യുന്ന വകയിൽ ഇത്തവണ വൻ തുകയാണ് കോർപ്പറേഷൻ ചെലവഴിക്കുന്നത്. ചില സോണുകളിൽ രണ്ടു ലക്ഷം രൂപ വരെ ചെലവായി. അഞ്ചര അടി വരെ ഉയരത്തിലുള്ള കേബിളുകളാണ് നീക്കം ചെയ്യുന്നത്. അവശിഷ്ടങ്ങളെല്ലാം ബ്രഹ്മപുരം മാലിന്യ സംസ്കരണ കേന്ദ്രത്തിലേക്കാണ് അയക്കുന്നത്.

.........................................................................................

വൈറ്റില, പനമ്പള്ളിനഗർ, എം.ജി റോഡ് ഉൾപ്പെടെ പ്രധാന റോഡുകളിലെയും ഇടവഴികളിലെയും 80 ശതമാനം കേബിളുകളും നീക്കം ചെയ്തു. എല്ലാ കേബിളുകൾക്കും ടാഗിംഗ് നിർബന്ധമാക്കി.

സുനിത ഡിക്സൺ, മരാമത്ത് സമിതി അദ്ധ്യക്ഷ

.........................................................................................

കേബിൾ പരിശോധനയ്ക്കെത്തുന്ന ദിവസവും സമയവും വാട്ട്‌സ് അപ്പ് ഗ്രൂപ്പ് വഴി കോർപ്പറേഷൻ അധികൃതർ മുൻകൂട്ടി അറിയിച്ചതിനാൽ ഇത്തവണ പരാതികളുണ്ടായില്ല. പ്രവർത്തനങ്ങളുമായി പൂർണമായി സഹകരിച്ചു.

കെ.വി.രാജൻ

കേബിൾ ടി.വി.ഓപ്പറേറ്റേഴ്സ് ജനറൽ സെക്രട്ടറി