മൂവാറ്റുപുഴ: മാലിന്യനീക്കം നിരീക്ഷിക്കുന്നതിന് മൂവാറ്റുപുഴ നഗരസഭയിൽ ഹരിതമിത്രം സ്മാർട്ട് ഗാർബേജ് മോണിറ്ററിംഗ് സിസ്റ്റം നടപ്പാക്കും. ഇതിന്റെ ഭാഗമായി നഗരസഭയിലെ വീടുകളിലും സ്ഥാപനങ്ങളിലും ക്യു.ആർ. കോഡ് സ്ഥാപിക്കും. അജൈവ മാലിന്യങ്ങളുടെ നീക്കം സുഗമമാണെന്ന് ഉറപ്പുവരുത്തുകയാണ് ലക്ഷ്യം. നഗരസഭ, ശുചിത്വ മിഷൻ, കെൽട്രോൺ എന്നിവ

സംയുക്തമായി ഹരിത മിത്രം സ്മാർട്ട് ഗാർബേജ് ആപ്ലിക്കേഷൻ എന്ന പേരിലാണ് പദ്ധതിക്ക് തുടക്കം കുറിക്കുന്നത്. ഇന്ന് രാവിലെ 11ന് സി.എം.സി കോൺവെന്റിൽ ചിപ്പ് ഘടിപ്പിച്ച് നഗരസഭാ ചെയർമാൻ പി.പി. എൽദോസ് പദ്ധതിയുടെ ഔപചാരിക ഉദ്ഘാടനം നിർവഹിക്കും. വൈസ് ചെയർപേഴ്സൺ സിനി ബിജു അദ്ധ്യക്ഷത വഹിക്കും. വാർഡ് കൗൺസിലർ ജിനു ആന്റണി മടേക്കൽ,

ആരോഗ്യവിഭാഗം സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.എം. അബ്ദുൽസലാം, നഗരസഭാ ഹെൽത്ത് സൂപ്പർവൈസർ ഇ.കെ. സഹദേവൻ തുടങ്ങിയവർ സംബന്ധിക്കും.ആൻഡ്രോയിഡ് ഫോണിന്റെ സഹായത്തോടെയാണ് ക്യു.ആർ. കോഡിന്റെ പ്രവർത്തനം. അഞ്ച് വിഭാഗങ്ങൾക്ക് ഒരേ സമയം കോഡിന്റെ സേവനം ലഭിക്കും. ഹരിത കർമ്മ സേനാംഗങ്ങൾ, ഗുണഭോക്താവ്, ഡംബിംഗ് യാർഡ് അധികൃതർ, തരം തിരിക്കുന്ന തൊഴിലാളികൾ, ക്ലീൻ കേരള മിഷൻ കമ്പനി എന്നിവർക്ക് മുൻകൂട്ടി വിവരങ്ങൾ ലഭിക്കും. ഇതോടൊപ്പം മുനിസിപ്പൽ ഉദ്യോഗസ്ഥർക്ക് വെബ് പോർട്ട് വഴിയും വിവരങ്ങൾ ലഭ്യമാകും. കോഡ് സ്കാൻ ചെയ്യുന്നതോടെ വീട്, സ്ഥാപനം എന്നിവയുടെ മുഴുവൻ വിവരങ്ങളും ലഭിക്കും. കൈമാറുന്നു മാലിന്യങ്ങളുടെ അളവ്, ഇനം, തിയതി, നൽകിയ ഫീസ്, നൽകാത്തവരുടെ വിവരങ്ങൾ, ഹരിത കർമ്മ സേനാംഗങ്ങളുടെ പെരുമാറ്റം തുടങ്ങിയവ രേഖപ്പെടുത്തുന്നതിന് ക്യു.ആർ. കോഡിൽ സൗകര്യമുണ്ടാകും.