കൊച്ചി: തലാഖ് ചൊല്ലാനും ഒന്നിലേറെ വിവാഹം കഴിക്കാനും മുസ്ലീം വ്യക്തിനിയമപ്രകാരമുള്ള അവകാശം തടയാൻ കോടതികൾക്ക് കഴിയില്ലെന്ന് ഹൈക്കോടതി. ഇത് ഭരണഘടനയുടെ 25-ാം അനുച്ഛേദം ഉറപ്പു നൽകുന്ന മതപരമായ അവകാശങ്ങളുടെ ലംഘനമാകുമെന്നും ജസ്റ്റിസ് എ. മുഹമ്മദ് മുഷ്‌താഖ്, ജസ്റ്റിസ് സോഫി തോമസ് എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.
ഭർത്താവ് തന്നെ അന്തിമ തലാഖ് ചൊല്ലുന്നതും, മറ്റൊരു വിവാഹം കഴിക്കുന്നതും തടയണമെന്നാവശ്യപ്പെട്ട് ഭാര്യ നൽകിയ ഹർജികൾ കുടുംബ കോടതി അനുവദിച്ചതിനെതിരെ കൊട്ടാരക്കര സ്വദേശിയായ മുസ്ലിം യുവാവ് നൽകിയ ഹർജിയിലാണ് ഡിവിഷൻ ബെഞ്ച് വിധി പറഞ്ഞത്. ഹർജിക്കാരൻ ഒന്നും രണ്ടും തലാഖ് ചൊല്ലി മൂന്നാം തലാഖ് ചൊല്ലാൻ കാത്തിരിക്കുമ്പോഴാണ് ഭാര്യ കുടുംബ കോടതിയെ സമീപിച്ചത്. തലാഖ് ചൊല്ലുന്നതു തടഞ്ഞ കുടുംബ കോടതി, മറ്റൊരു ഹർജിയിൽ ഇയാൾ വേറെ വിവാഹം കഴിക്കുന്നതും തടഞ്ഞിരുന്നു.
കുടുംബ കോടതിയുടെ ഉത്തരവുകൾ നിയമപരമല്ലെന്ന് ചൂണ്ടിക്കാട്ടി ഡിവിഷൻ ബെഞ്ച് റദ്ദാക്കി. മുസ്ലിം വ്യക്തി നിയമപ്രകാരം ഒരാൾ നടപടികൾ സ്വീകരിക്കുന്നതിനെ കോടതികൾക്ക് തടയാനാവില്ല. ഒന്നിലേറെ വിവാഹം കഴിക്കാനുള്ള അനുമതിയടക്കമുള്ള കാര്യങ്ങൾക്കു ഇതു ബാധകമാണ്. അതേ സമയം തലാഖ് ചൊല്ലിയത് നിയമപ്രകാരമല്ലെങ്കിൽ ഭാര്യയ്ക്ക് അതിനെതിരെ കോടതിയെ സമീപിച്ച് പരിഹാരം തേടാമെന്നും ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.