മൂവാറ്റുപുഴ: നഗരസഭാ ഓഫീസിൽ കോൺഗ്രസ് വനിതാ കൗൺസിലർമാർ ഏറ്റുമുട്ടിയ സംഭവം ചർച്ച ചെയ്യാത്തതിൽ പ്രതിഷേധിച്ച് എൽ.ഡി.എഫ്, ബി.ജെ.പി അംഗങ്ങൾ കൗൺസിൽ യോഗം ബഹിഷ്കരിച്ചു. ഒരു ഘട്ടത്തിൽ യോഗം സംഘർഷത്തിന്റെ വക്കിലെത്തുകയും ചെയ്തു.

ഇന്നലെ രാവിലെ 11ന് മൂവാറ്റുപുഴ നഗരസഭാ കൗൺസിൽ യോഗം ആരംഭിച്ചപ്പോൾ തന്നെ പ്രതിപക്ഷ നേതാവ് ആർ.രാകേഷ് വിഷയം ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയം കൗൺസിലിൽ ചർച്ച ചെയ്യാൻ കഴിയില്ലെന്ന നിലപാട് നഗരസഭാ ചെയർമാൻ പി.പി. എൽദോസ് സ്വീകരിച്ചു. തുടർന്ന് കറുത്ത ബാനർ ഉയർത്തി പ്രതിപക്ഷം ബഹളം ആരംഭിച്ചു. വധശ്രമക്കേസിൽ പ്രതികളായ വനിതാ കൗൺസിലർമാർ രാജിവെയ്ക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. ഇതോടെ ഭരണകക്ഷി അംഗങ്ങളും രംഗത്തുവന്നു. തുടർന്ന് ഇരുവിഭാഗവും രൂക്ഷമായ വാഗ്വാദത്തിൽ ഏർപ്പെട്ടു. ഒടുവിൽ പ്രതിപക്ഷത്തെ ഇടതു കൗൺസിലർമാർ യോഗം ബഹിഷ്കരിച്ച് ഇറങ്ങിപ്പോയി. വിമത കോൺഗ്രസ് കൗൺസിലർ പ്രമീള ഗിരീഷ് കുമാറും പ്രതിഷേധത്തിൽ പങ്കാളിയായി. ഇതിന് പിന്നാലെ,​ നഗരസഭാ ഓഫീസിലുണ്ടായ അനിഷ്ട സംഭവം അംഗീകരിക്കാൻ കഴിയില്ലെന്നും വിഷയം ചർച്ച ചെയ്യണമെന്നും ആവശ്യപ്പെട്ട് ബി.ജെ.പി. കൗൺസിലർമാരും യോഗം ബഹിഷ്കരിച്ചു. കഴിഞ്ഞ ദിവസങ്ങളിലെ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ വൻ പൊലീസ് സംഘവും സ്ഥലത്ത് ക്യാമ്പ് ചെയ്തിരുന്നു. പ്രതിപക്ഷ അംഗങ്ങൾ ഇറങ്ങിപ്പോയതോടെ അഞ്ച് മിനിറ്റു കൊണ്ട് നടപടിക്രമങ്ങൾ പൂർത്തിയാക്കി കൗൺസിൽ യോഗം അവസാനിപ്പിച്ചു.