തൃക്കാക്കര: ഓണത്തിന് മുമ്പായി ജീവനക്കാർക്കും അദ്ധ്യാപകർക്കും ക്ഷാമബത്ത കുടിശിക അനുവദിക്കണമെന്ന് ജോയിന്റ് കൗൺസിൽ സംസ്ഥാന സെക്രട്ടറി പി.എസ് സന്തോഷ് കുമാർ ആവശ്യപ്പെട്ടു. ക്ഷാമബത്ത കുടിശിക അനുവദിക്കുക, ലീവ് സറണ്ടർ ആനുകൂല്യം പുന:സ്ഥാപിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് അദ്ധ്യാപക സർവീസ് സംഘടന സമിതി നടത്തിയ ജില്ലാ മാർച്ചും ധർണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പഞ്ചായത്ത് ഓഫീസിന് മുന്നിൽ നിന്ന് ജീവനക്കാർ പ്രകടനം നടത്തി. തുടർന്ന് നടന്ന ധർണയിൽ എ.കെ.എസ്.ടി.യു സംസ്ഥാന കമ്മിറ്റിയംഗം കെ.വി വില്യം അദ്ധ്യക്ഷത വഹിച്ചു. ജോയിന്റ് കൗൺസിൽ സംസ്ഥാന സെക്രട്ടറിയേറ്റംഗങ്ങളായ സി.എ അനീഷ്, ബിന്ദു രാജൻ, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ എസ്.കെ.എം ബഷീർ, പി അജിത്ത്, ജില്ലാ സെക്രട്ടറി ഹുസൈൻ പതുവന, കെ.ജി.ഒ എഫ് ജില്ലാ ജോയിന്റ് സെക്രട്ടറി രതീഷ് ബാബു തുടങ്ങിയവർ സംസാരിച്ചു. സമര സമിതി ജില്ലാ കൺവീനർ വി.കെ ജീൻസ് സ്വാഗതവും എം.പി രൂപേഷ് നന്ദിയും പറഞ്ഞു.