pookrishi

ആലങ്ങാട്: ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി ഓണത്തിനായി പൂക്കൾ വിളയിച്ച് കരുമാല്ലൂരിലെ കർഷകർ. ആത്മയുടെയും കൃഷി ഭവന്റെയും നേതൃത്വത്തിൽ കരുമാല്ലൂർ പഞ്ചായത്തിലെ മനയ്ക്കപ്പടി, വെളിയത്തുനാട് പ്രദേശങ്ങളിലെ കർഷക ഗ്രൂപ്പുകൾ നടത്തിയ പൂ കൃഷിയാണ് വിളവെടുപ്പിന് ഒരുങ്ങിയത്.

നിലം ഒരുക്കലിൽ തുടങ്ങി, തൈ നടേണ്ട സമയം, പ്രൂണിംഗ് ചെയ്യേണ്ട രീതി, വിളവെടുപ്പ് തുടങ്ങി ശാസ്ത്രീയമായ കൃഷിരീതിയെ കുറിച്ച് മണ്ണുത്തി കാർഷിക യൂണിവേഴ്സിറ്റി അസി. പ്രൊഫസർ ഷാരോൺ ഫെർണാണ്ടസാണ് പരിശീലനം നൽകിയത്. പരിശീലന ക്ലാസുകളിൽ പങ്കെടുത്തവർ സംഘമായും ഒറ്റയ്ക്കും കൃഷി നടത്തുന്നുണ്ട്. വെളിയത്തുനാട് സഹകരണ ബാങ്കിന്റെ സഹായത്തോടെ ഷംല ആഷിഫ്, ഫസീജ, സുനിത, സൈനബ, ലൈല എന്നിവരുൾപ്പെട്ട റോസ് ജെ.എൽ.ജി ഒന്നര ഏക്കറിലേറെ സ്ഥലത്ത് വാണിജ്യാടിസ്ഥാനത്തിലാണ് കൃഷിയിറക്കിയത്. പൂക്കൃഷിയുടെ വിളവെടുപ്പ് നാളെ രാവിലെ 11ന് മന്ത്രി പി. രാജീവ് നിർവഹിക്കും. കരുമാല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് ശ്രീലത ലാലു, വെളിയത്തുനാട് സഹകരണ ബാങ്ക് പ്രസിഡന്റ് ജയരാജ്, ത്രിതല പഞ്ചായത്ത്, ബാങ്ക് ഭരണസമിതി, കുടുംബശ്രീ അംഗങ്ങൾ തുടങ്ങിയവർ പങ്കെടുക്കും.