പിറവം: പിറവം നഗരസഭയുടെ ഓണോത്സവം 2022 30ന് അത്തച്ചമയ സായാഹ്ന ഘോഷയാത്രയോടെ ആരംഭിക്കും. ഓണോത്സവത്തിന്റെ ഭാഗമായി തിരുവാതിര, പൂക്കളമത്സരം, സാംസ്‌കാരിക സമ്മേളനങ്ങൾ, കലാ സന്ധ്യകൾ, ചലച്ചിത്രോത്സവം തുടങ്ങിയവ അരങ്ങേറും.
30ന് വൈകിട്ട് മൂന്ന് മണിക്ക് പിറവം സെന്റ് ജോസഫ്‌സ് ഹൈസ്‌കൂളിൽ നടക്കുന്ന സാംസ്‌കാരിക സമ്മേളനം തോമസ് ചാഴിക്കാടൻ എം.പി ഉദ്ഘാടനം ചെയ്യും. നഗരസഭാ ചെയർപേഴ്‌സൺ ഏലിയാമ്മ ഫിലിപ്പ് അദ്ധ്യക്ഷത വഹിക്കും. ഘോഷയാത്ര അനൂപ് ജേക്കബ് എം.എൽ.എ ഫ്‌ളാഗ് ഓഫ് ചെയ്യും. മുൻഎം.എൽ.എ എം.ജെ ജേക്കബിനെ ചടങ്ങിൽ ആദരിക്കും. അത്തച്ചമയ സായാഹ്ന സാംസ്‌കാരിക ഘോഷയാത്രയുടെ ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടക സമിതി ഭാരവാഹികളായ നഗരസഭാ ചെയർപേഴ്‌സൺ ഏലിയാമ്മ ഫിലിപ്പ്, വൈസ് ചെയർമാൻ കെ.പി.സലിം എന്നിവർ അറിയിച്ചു.
സെപ്തംബർ ഒന്ന് മുതൽ അഞ്ച് വരെയാണ് ചലച്ചിത്രോത്സവം. നഗരസഭയുടെ കുട്ടികളുടെ പാർക്കിൽ വൈകിട്ട് 7ന് സിനിമാ പ്രദർശനം നടക്കും. നാലിന് രാവിലെ 10 മുതൽ കുട്ടികളുടെ പാർക്കിൽ (ദേവൻ കക്കാട് നഗർ) തിരുവാതിര അരങ്ങേറും. അഞ്ചിന് രാവിലെ പത്തര മുതൽ 12.30 വരെ പിറവത്തെ വിവിധ വേദികളിലായി പൂക്കള മത്സരം നടക്കും. സെപ്തംബർ ആറിന് വൈകിട്ട് പള്ളികവലയിൽ (സൈനോജ് നഗർ) പിറവത്തെ കാലാകാരന്മാരുടെ വിവിധ കലാപരിപാടികൾ അരങ്ങേറും. ചാമ്പ്യൻസ് ലീഗ് മത്സര വള്ളംകളിയോടെ ഒക്ടോബർ ഒന്നിന് ഓണോത്സവത്തിന് തിരശീലവീഴും.