പിറവം: അനാഥർക്കും നിരാലംബർക്കുമായി പിറവം നഗരസഭയിൽ ആശ്രയഭവനും സാന്ത്വനഭവനും ഒരുങ്ങി. പിറവം നഗരസഭ കുടുംബശ്രീ മിഷൻ ദേശീയ നഗര ഉപജീവന ദൗത്യത്തിന്റെ ഭാഗമായാണ് പദ്ധതി.

നഗരസഭ 13-ാം ഡിവിഷനിൽ തേക്കുംമൂട്ടിൽപ്പടിഭാഗത്ത് പാറേൽ പള്ളിക്കൂടം സ്ഥിതി ചെയ്തിരുന്ന 40.4 സെന്റിലാണ്
മന്ദിര നിർമ്മാണം പൂർത്തിയായത്. മൂന്നു കോടി രൂപയാണ് ചെലവ്. 16740 ചതുരശ്ര അടിയിൽ ഇരുനിലകളിലായാണ് നിർമ്മാണം. താഴെ നില പുരുഷൻമാർക്കും മുകൾ നില സ്ത്രീകൾക്കുമായാണ് ക്രമീകരിച്ചിരിക്കുന്നത്. 24 മുറികളിലുംടോയ്‌‌ലറ്റ്, കേന്ദ്രീകൃത അടുക്കള, വിശ്രമകേന്ദ്രങ്ങൾ തുടങ്ങിയവ ഒരുക്കിയിട്ടുണ്ട്. മാനേജർ,​ മൂന്ന് കെയർടേക്കർമാർ എന്നിവരെ നിയമിച്ചതായും നഗരസഭാ ചെയർപേഴ്‌സൺ ഏലിയാമ്മ ഫിലിപ്പ്, വൈസ് ചെയർമാൻ
കെ.പി.സലിം എന്നിവർ പറഞ്ഞു. ഇന്ന് വൈകിട്ട് നാലിന് അനൂപ് ജേക്കബ് എം.എൽ.എ മന്ദിരം ഉദ്ഘാടനം ചെയ്യും. നഗരസഭാ ചെയർപേഴ്‌സൺ ഏലിയാമ്മ ഫിലിപ്പ് അദ്ധ്യക്ഷയാകും. കുടുംബശ്രീ എക്‌സിക്യുട്ടീവ് ഡയറക്ടർ ജാഫർ മാലിക് മുഖ്യപ്രഭാഷണം നടത്തും.