
കോതമംഗലം: രണ്ട് കിലോയിലധികം കഞ്ചാവുമായി ചാവക്കാട് സ്വദേശി കോതമംഗലത്ത് എക്സൈസ് പിടിയിൽ. ഓണം സ്പെഷ്യൽ ഡ്രൈവിനോടനുബന്ധിച്ച് എക്സൈസ് വകുപ്പ് നടത്തുന്ന പ്രത്യേക പരിശോധനയുടെ ഭാഗമായി തങ്കളം - കാക്കനാട് നാലു വരി പാതയിൽ നടത്തിയ പരിശോധനയിലാണ് നെല്ലിക്കുഴി സ്വദേശിക്കായി കൊണ്ടുവന്നകഞ്ചാവുമായി തൃശൂർ ചാവക്കാട് എങ്ങണ്ടിയൂർ സ്വദേശി അന്തിക്കാട് സന്തോഷിന്റെ മകൻ മിഥുൻ സന്തോഷ് (26) അറസ്റ്റിലായത്.
പ്രതി കോതമംഗലത്തിനടുത്ത് താമസിച്ച് കഞ്ചാവ് വില്പന നടത്തിവരികയായിരുന്നു. ആന്ധ്ര, ഒറീസ തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്ന് നേരിട്ട് പോയി ആഡംബര വാഹനങ്ങളിൽ വൻതോതിൽ കഞ്ചാവ് കടത്തിക്കൊണ്ടുവന്ന് കോതമംഗലത്തും പരിസര പ്രദേശങ്ങളിലും ചില്ലറ വില്പനടത്തി വരുന്ന വൻ സംഘത്തെക്കുറിച്ച് പ്രതിയിൽ നിന്ന് സൂചന ലഭിച്ചതായി എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. കോതമംഗലം എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ജോസ് പ്രതാപ് ,പ്രിവന്റീവ് ഓഫീസർമാരായ നിയാസ് കെ എ, സിദ്ദിഖ് എ.ഇ.,സിവിൽ എക്സൈസ് ഓഫീസർമാരായ ബിജു പി.വി, നന്ദു എം.എം,ബേസിൽ കെ.തോമസ്, ഡ്രൈവർ ബിജു പോൾ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.