വരാപ്പുഴ: കടമക്കുടി പഞ്ചായത്തിലെ നിർണായക പദ്ധതിയായ പിഴല-കടമക്കുടി പാലത്തിന് കിഫ്ബിയുടെ സാമ്പത്തിക അനുമതിയായി. 43.878 കോടി രൂപയുടെ പദ്ധതിക്കാണ് കിഫ്ബി അംഗീകാരം നൽകിയത്. പിഴല, കടമക്കുടി ദ്വീപുകളെ ബന്ധിപ്പിച്ച് പെരിയാറിനു കുറുകെ നിർമ്മിക്കുന്ന പാലത്തിനു 14 സ്പാനുകളിലായി 383.92 മീറ്റർ നീളവും 11.05 മീറ്ററുമാണുള്ളത്. ഇരുവശത്തെ അപ്രോച്ച് റോഡും പദ്ധതിയിൽ ഉൾപ്പെടുന്നു. ഗോശ്രീ ഐലൻഡ്‌സ് ഡെവലപ്‌മെന്റ് അതോറിട്ടി(ജിഡ)യുടെ കീഴിൽ വരുന്ന പിഴല-മൂലമ്പിള്ളി, കടമക്കുടി-ചാത്തനാട് പാലങ്ങളുമായി ബന്ധിക്കുന്ന രീതിയിൽ വേണം നിർമ്മാണം. ഈ സാഹചര്യത്തിൽ ജിഡ, കിഫ്ബി അധികൃതരുടെ സംയുക്ത യോഗം ചേർന്ന് സ്ഥലം സന്ദർശിച്ച് പദ്ധതിയുടെ വിവിധ വശങ്ങൾ വിലയിരുത്തി. അടുത്ത ഘട്ടമായി ഭൂമി ഏറ്റെടുക്കൽ നടപടികൾ ആരംഭിക്കും. കൊച്ചി നഗരത്തെയും ദേശീയപാതയെയും ദ്വീപ സമൂഹങ്ങളുമായി ബന്ധിപ്പിക്കുന്ന പാലം യാഥാർത്ഥ്യമാകുന്നതോടെ കടമക്കുടി പഞ്ചായത്തിന്റെ സമഗ്ര വികസനത്തിനു വഴിതുറക്കുമെന്ന് കെ.എൻ ഉണ്ണികൃഷ്ണൻ എം. എൽ.എ പറഞ്ഞു.