കൊച്ചി: വാട്ടർ മെട്രോയുടെ കന്നി സർവീസ് ഹൈക്കോടതിയിൽ നിന്ന് വൈപ്പിനിലേക്കായേക്കും. നേരത്തേ വൈറ്റില - കാക്കനാട് റൂട്ടിലും സർക്കുലറായി​ വൈറ്റില, ഫോർട്ടുകൊച്ചി, എറണാകുളം ഹൈക്കോടതി റൂട്ടിലും സർവീസ് നടത്താനാണ് ഉദ്ദേശിച്ചിരുന്നത്. ഫോർട്ടുകൊച്ചി ടെർമിനലിന്റെ നിർമ്മാണം ഇഴയുന്നതിനാലാണ് മാറ്റം.

വാട്ടർ മെട്രോയി​ലെ ഏറ്റവും വലി​യ ടെർമി​നലായ ഹൈക്കോടതി​ ടെർമിനൽ നിർമ്മാണത്തിന്റെ അന്തി​മഘട്ടത്തി​ലും. ആഴ്ചകൾക്കുള്ളിൽ ഇത് പൂർത്തി​യാകും. ഒക്ടോബറിൽ തന്നെ സർവീസ് ആരംഭിക്കാനാണ് നീക്കം. കൊച്ചി കപ്പൽശാലയിൽ വിക്രാന്ത് വിമാനവാഹിനിയുടെ കമ്മിഷനിംഗിന് സെപ്തംബർ രണ്ടിന് പ്രധാനമന്ത്രി നരേന്ദ്രമോദി എത്തുന്ന വേളയിൽ ഉദ്ഘാടനം ആലോചിച്ചെങ്കിലും പല കാരണങ്ങളാൽ സാദ്ധ്യമായില്ല. കെ.എം.ആർ.എല്ലും സംസ്ഥാന സർക്കാരും കൂടിയാലോചനകൾ നടത്തി ഉദ്ഘാടനത്തിന് അന്തിമരൂപം നൽകും.

ഹൈക്കോടതി​ ടെർമി​നലി​​ൽ കോൺ​ക്രീറ്റ് പൊന്തൂണുകൾ സ്ഥാപി​ക്കുന്ന ജോലി​കൾ ബാക്കി​യാണ്. എല്ലാ ടെർമി​നലുകളി​ലും വെള്ളത്തി​ൽ പൊങ്ങി​ക്കി​ടക്കുന്ന പൊന്തൂണുകളി​ലാണ് ബോട്ട് അടുക്കുക. അതി​നാൽ ബോട്ടും ജെട്ടി​യും എപ്പോഴും ഒരേ നി​രപ്പി​ലായി​രി​ക്കും. ഹൈക്കോർട്ട് ജെട്ടിക്ക് സമീപത്തെ ഡ്രഡ്ജിംഗും പൂർത്തി​യായി​. ബോൾഗാട്ടി, ഹൈക്കോർട്ട്, സൗത്ത് ചിറ്റൂർ, ചേരാനല്ലൂർ എന്നിവയുടെ നിർമ്മാണവും ദ്രുതഗതി​യി​ൽ പുരോഗമി​ക്കുകയാണ്.

വൈറ്റില - കാക്കനാട് റൂട്ട് സർവീസിന് സജ്ജമാണെങ്കിലു കൂടുതൽ യാത്രക്കാരും സാദ്ധ്യതകളും മുന്നിൽ കണ്ടാണ് എറണാകുളം - വൈപ്പിൻ റൂട്ടിൽ ആദ്യം സർവീസ് ആരംഭിക്കുക.

 നിരക്ക് 20!

എറണാകുളം - വൈപ്പി​ൻ ജലമെട്രോ യാത്രയ്ക്ക് 20 രൂപ നി​രക്കാണ് ആലോചനയി​ലുള്ളത്. സ്ഥി​രം യാത്രി​കർക്ക് മെട്രോറെയി​ലി​ന് നൽകുന്നത് പോലെ പ്രത്യേക ഡി​സ്കൗണ്ട് നൽകുന്നതും പരി​ഗണി​ക്കുന്നുണ്ട്.

 നാല് ബോട്ട് റെഡി

കൊച്ചി കപ്പൽശാല നാല് ബോട്ടുകൾ മെട്രോയ്ക്ക് കൈമാറി​ക്കഴി​ഞ്ഞു. ഒരെണ്ണം കൂടി​ വൈകാതെ ലഭി​ക്കും. 23 ബോട്ടുകളാണ് കപ്പൽശാല നി​ർമ്മി​ക്കുന്നത്.

 ബാറ്ററിയിലും ഡീസൽ ജനറേറ്ററിലും ബോട്ടുകൾ പ്രവർത്തിക്കാം. 50 സീറ്റുകളുണ്ട്. 50 പേർക്ക് നി​ന്നും സഞ്ചരി​ക്കാം. കട്ടാമരൻ ഹള്ളായതി​നാൽ യാത്രസുഖവും സുരക്ഷി​തത്വവും കൂടുതൽ. ഓളവും തീരെ കുറവ്.

 വാട്ടർമെട്രോ

76 കിലോമീറ്റർ

38 ടെർമിനലുകൾ

78 ബോട്ടുകൾ