onam

 ഓണത്തിന് പരിശോധന ശക്തമാക്കാൻ ഭക്ഷ്യസുരക്ഷാ വകുപ്പ്

കൊച്ചി: ഓണക്കച്ചവടത്തിന് മായം ചേർക്കുന്നവരെ കൈയോടെ പോക്കാൻ തയ്യാറായി നിൽക്കുകയാണ് ഭക്ഷ്യസുരക്ഷാ വകുപ്പ്. ജില്ലയിൽ സ്പെഷ്യൽ സ്ക്വാഡിനെ പരിശോധനയ്ക്ക് നിയോഗിച്ചു. 29 മുതൽ സെപ്തംബർ മൂന്നുവരെ നാല് സ്ക്വാഡുകൾ രംഗത്തിറങ്ങും. ഓണാവധി ദിവസങ്ങളിൽ ഒരു സ്ക്വാഡും പ്രവർത്തിക്കും.

ഓണക്കാലത്ത് കൂടുതൽ ഭക്ഷ്യോത്പന്നങ്ങൾ സംസ്ഥാനത്ത് എത്തും. ഇവയിലെ മായം തടയൽ ലക്ഷ്യമിട്ടാണ് വിപുലമായ പരിശോധന.

ഭക്ഷ്യ സുരക്ഷാ ആക്ടിന് വിരുദ്ധമായി സാധനങ്ങൾ വിൽക്കുന്നവർക്കെതിരെ കർശന നടപടികളെടുക്കും. ലൈസൻസ് ഇല്ലാത്തവർക്കെതിരെയും രജിസ്റ്റർ ചെയ്യാത്തവർക്കെതിരെയും നടപടിയുണ്ടാകും. ലേബൽ വിവരങ്ങൾ പൂർണമായിട്ടല്ലാതെ വില്പനയ്ക്ക് വെച്ച ഭക്ഷ്യവസ്തുക്കളും പരിശോധനയ്ക്ക് വിധേയമാക്കും.

പരിശോധിക്കുന്നവ

ഓണം സീസണിൽ കൂടുതലായും വിറ്റുപോകുന്ന സാധനങ്ങളായ പായസക്കിറ്റ്, ഉപ്പേരികൾ, പാൽ, ശർക്കര, വെളിച്ചണ്ണ, പപ്പടം, നെയ്യ്, അരി, പച്ചക്കറികൾ, പഴങ്ങൾ എന്നിവയാണ് പ്രധനമായും പരിശോധിക്കുക. ഭക്ഷ്യ നിർമ്മാണ കേന്ദ്രങ്ങളിലും മാർക്കറ്റുകളിലും ബേക്കറികളിലും ഹോട്ടലുകളിലും പരിശോധന നടത്തും. തമിഴ്‌നാട്, കർണാടക, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ നിന്നാണ് ഭക്ഷ്യോത്പന്നങ്ങൾ കൂടുതലായി ഇറക്കുമതി ചെയ്യുന്നത്.

ഓണത്തോടനുബന്ധിച്ച് വഴിയരികിൽ വിൽക്കുന്ന പായസങ്ങളുടെ ഗുണമേന്മയും പരിശോധിക്കും. പഴകിയ സാധനങ്ങൾ വില്ക്കാനുള്ള സാദ്ധ്യതയും വകുപ്പ് തള്ളിക്കളയുന്നില്ല. താത്കാലിക സ്റ്റാളുകൾ നടത്താൻ ഉദ്ദേശിക്കുന്നവർ ഭക്ഷ്യ സുരക്ഷാ രജിസ്‌ട്രേഷൻ, ലൈസൻസ് എടുക്കണം. ഉപ്പോരികൾ വറക്കുന്ന കടകളിലും പരിശോധന ശക്തമാക്കും.

ഹോട്ടൽ, കേറ്ററിംഗ് സ‌ർവീസ്

ഓണസദ്യ പാഴ്സൽ വിൽക്കുന്ന ഹോട്ടലുകളിലും കാറ്ററിംഗ് സ‌ർ‌വീസുകളിലും മിന്നൽ പരിശോധനകൾ ഉണ്ടാകും. വൃത്തിയും സ്ക്വാഡ് പരിശോധിക്കും.

ഓണത്തിന് എത്തുന്ന ഭക്ഷ്യസാധനങ്ങളുടെ ഗുണനിലവാരം പരിശോധിക്കാനാണ് പ്രത്യേക സ്ക്വാഡ് രൂപീകരിച്ചിരിക്കുന്നത്. സംശയം തോന്നുന്ന ഉത്പന്നങ്ങൾ പരിശോധനയ്ക്ക് അയയ്ക്കും. എന്തെങ്കിലും കൃതൃമം കണ്ടെത്തിയാൽ തുടർ നടപടികൾ സ്വീകരിക്കും.

പി.കെ. ജോൺ വിജയകുമാർ

ജില്ലാ അസിസ്റ്റന്റ് കമ്മിഷണർ

ഭക്ഷ്യസുരക്ഷാ വകുപ്പ്