board

കോലഞ്ചേരി: മഴുവന്നൂർ വില്ലേജിൽ വർഷങ്ങളായി സ്വകാര്യവ്യക്തി കൈയേറിയിരുന്ന സർക്കാർ പുറമ്പോക്ക് ഭൂമി തിരിച്ചുപിടിച്ചു. വലമ്പൂർ അറക്കപ്പടി റോഡിൽ ആക്കാമ്പാറ കുരിശ് കവലയ്ക്ക് സമീപത്തെ 40.5 സെന്റ് ഭൂമിയാണ് ഏ​റ്റെടുത്തത്. ജില്ലാ കളക്ടർ ഡോ.രേണു രാജിന്റെ സാന്നിദ്ധ്യത്തിലായിരുന്നു കൈയേ​റ്റം ഒഴിപ്പിക്കൽ നടപടി.

പ്രദേശവാസികളുടെ പരാതിയെ തുടർന്നാണ് സ്ഥലം ഒഴിപ്പിക്കൽ നടപടികൾ റവന്യൂ വകുപ്പ് ആരംഭിച്ചത്. സ്ഥലം കയ്യേറിയിരുന്ന വ്യക്തി ഹൈക്കോടതിയെ സമീപിച്ചതോടെ നടപടിക്രമങ്ങൾ താത്കാലികമായി നിർത്തിവച്ചു. തുടർന്ന് സർക്കാരിന് അനുകൂലമായ ഉത്തരവ് ലഭിച്ചതോടെ ഏ​റ്റെടുക്കൽ നടപടികൾ പുനരാരംഭിക്കുകയായിരുന്നു. സ്വമേധയാ ഒഴിയണമെന്നാവശ്യപ്പെട്ട് സ്വകാര്യവ്യക്തിക്ക് നേരത്തെ നോട്ടീസ് നൽകിയിരുന്നു. ഒഴിയാതെ വന്നതോടെയാണ് കളക്ടറുടെ സാന്നിധ്യത്തിൽ തുടർ നടപടികൾ പൂർത്തിയാക്കിയത്. കുന്നത്തുനാട് തഹസിൽദാർ വിനോദ് രാജ്, ഹെഡ്ക്വാർട്ടേഴ്‌സ് ഡെപ്യൂട്ടി തഹസിൽദാർ സലീം കുട്ടി, മഴുവന്നൂർ വില്ലേജ് ഓഫീസർ കെ.സി. ബാബു തുടങ്ങിയവർ കൈയേറ്റം ഒഴിപ്പിക്കലിന് നേതൃത്വം നൽകി.