angamali

കൊച്ചി: സിറോമലബാർസഭയിലെ നിർണായകമായ സിനഡ് യോഗത്തിന് പിന്നാലെ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ ജോർജ് ആലഞ്ചേരി റോമിലെത്തി. പുതിയ കർദ്ദിനാൾമാരുടെ വാഴിക്കൽ ചടങ്ങിനാണ് യാത്രയെന്നാണ് സഭയുടെ വിശദീകരണമെങ്കിലും എറണാകുളം അങ്കമാലി അതിരൂപതയിലെ തർക്കങ്ങളും നടപടികളും നേരിട്ട് ബോദ്ധ്യപ്പെടുത്തുകയും ലക്ഷ്യമാണെന്ന് അറിയുന്നു.

റോമിൽ 27ന് കർദിനാൾമാരെ വാഴിക്കുന്ന ചടങ്ങായ കൺസിസ്റ്ററിയിൽ പങ്കെടുക്കാനാണ്ൻ കർദ്ദിനാൾ ഇന്നലെ രാവിലെ പുറപ്പെട്ടത്. 29, 30 തിയതികളിൽ കർദ്ദിനാൾമാർക്കു വേണ്ടിയുള്ള സെമിനാറിലും പങ്കെടുക്കും. സെപ്തംബർ ഒന്നിനു കർദ്ദിനാൾ തിരികെയെത്തും.

തർക്കങ്ങൾ വിശദീകരിക്കും

2021 ആഗസ്റ്റിൽ നടന്ന സിനഡ് തീരുമാനിച്ച ഏകീകൃത കുർബാനരീതി എറണാകുളം അങ്കമാലി അതിരൂപതയിൽ നടപ്പാക്കാൻ കഴിയാത്ത് സംബന്ധിച്ച വിശദീകരണം കർദ്ദിനാൾ വത്തിക്കാനെ അറിയിക്കുമെന്നാണ് സൂചനകൾ. അതിരൂപതയിലെ ബഹുഭൂരിപക്ഷം വൈദികരും വിശ്വാസികളും ഏകീകരിച്ച കുർബാന സ്വീകരിക്കില്ലെന്ന നിലപാടിലാണ്. വൈദികരും വിശ്വാസികളും ഇക്കാര്യം വ്യക്തമാക്കി തെരുവിൽ പ്രതിഷേധിച്ചതും സഭാ നേതൃത്വത്തെ വെട്ടിലാക്കി.

അതിരൂപതയുടെ മുൻ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ ആർച്ച് ബിഷപ്പ് ആന്റണി കരിയിലിനെ നീക്കി തൃശൂരിൽ നിന്ന് ആർച്ച് ബിഷപ്പ് ആൻഡ്രൂസ് താഴത്തിലിനെ നിയമിച്ചെങ്കിലും വിശ്വാസികളുടെ എതിർപ്പ് ഇല്ലാതാക്കാൻ കഴിഞ്ഞിട്ടില്ല. മാർപ്പാപ്പ നേരിട്ട് നൽകിയ ഉത്തരവ് നടപ്പാക്കാൻ കഴിയാത്ത അവസ്ഥയും കർദ്ദിനാൾ വത്തിക്കാനെ അറിയിക്കുമെന്നാണ് വിവരം.

സർക്കുലർ നീക്കത്തിലും പ്രതിഷേധം

ഏകീകരിച്ച കുർബാന നടപ്പാക്കാൻ സർക്കുലർ പുറത്തിറക്കാൻ ആൻഡ്രൂസ് താഴത്ത് അതിരൂപത കൂരിയയോട് ആവശ്യപ്പെട്ടതും പ്രതിഷേധത്തിന് വഴിതെളിച്ചു. വ്യാഴാഴ്ച വൈകിട്ട് വൈദീകരും വിശ്വാസികളും ഉപവാസം ആരംഭിച്ചു. കൂരിയ അംഗങ്ങൾ വൈദിക സമിതി സെക്രട്ടറി ഫാ. കുര്യാക്കോസ് മുണ്ടാടൻ, ഫാ. സെബാസ്റ്റ്യൻ തളിയൻ, ഫാ. പോൾ ചിറ്റിനപ്പിള്ളി എന്നിവരുമായി നടത്തിയ ചർച്ചയിൽ സർക്കുലർ ഇറക്കില്ലെന്ന് ധാരണയിലെത്തി.

നാല് ആഴ്ചയ്ക്കകം അതിരൂപതയിലെ മുഴുവൻ കാനോനിക സമിതികളുടെയും പുന:സംഘടന പൂർത്തിയാക്കി ചർച്ചകൾക്ക് ശേഷമേ കുർബാന സംബന്ധിച്ച് തീരുമാനിക്കൂവെന്ന് കൂരിയ അറിയിച്ചു. തുടർന്ന് ഉപവാസം പിൻവലിച്ചു. കുർബാന, റെസ്റ്റിറ്റ്യൂഷൻ വിഷയങ്ങളിൽ നിർദേശങ്ങളോ കല്പനയോ ഇറക്കിയാൽ പരസ്യമായി കത്തിക്കുമെന്ന് അൽമായ മുന്നേറ്റം അറിയിച്ചു.