പള്ളൂരുത്തി : അപകടത്തിൽ നട്ടെല്ലിന് ഗുരുതര പരിക്കേറ്റതോടെ ജീവിതം വീൽചെയറിൽ ഒതുങ്ങി പോകുമായിരുന്ന പ്രവീണിന് കോതമംഗലം പീസ് വാലി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ ഓട്ടോ റിക്ഷ നൽകി. ഭിന്നശേഷിക്കാർക്കായി ഉപയയോഗിക്കാവുന്ന രീതിയിൽ ക്രമീകരണങ്ങൾ വരുത്തിയാണ് ഓട്ടോ റിക്ഷ നൽകുന്നത്. കെ. എസ്. ഇ. ബി യിൽ കരാർ ജോലിക്കാരനായിരുന്ന പ്രവീൺ 2020 ൽ ആണ് പള്ളുരുത്തിയിൽ വച്ച് ജോലിക്കിടെ വൈദ്യുതി പോസ്റ്റിൽ നിന്ന് വീണ് നട്ടെല്ലിന് ഗുരുതര പരിക്കേറ്റത്. കരാർ ജോലി കഴിഞ്ഞുള്ള സമയത്ത് ഓട്ടോറിക്ഷയും ഓടിച്ചിരുന്നു. അപകടത്തിന് ശേഷം ചികിത്സക്കായി ഓട്ടോറിക്ഷ വിൽക്കേണ്ടി വന്നു. നാളുകൾ നീണ്ട ചികിത്സകൾക്ക് ശേഷം വീൽചെയറിൽ ഇരിക്കാവുന്ന രീതിയിൽ പ്രവീൺ ജീവിതത്തിലേക്ക് തിരിച്ച് എത്തിയെങ്കിലും അതിജീവനം ചോദ്യചിഹ്ന്മായി മാറി. ഇക്കഴിഞ്ഞ മാർച്ചിലാണ് കോതമംഗലം പീസ് വാലിയിൽ പ്രവീൺ ചികിത്സയ്ക്കായി എത്തുന്നത്. പീസ് വാലിയിൽ നടന്ന ചടങ്ങിൽ ഡോ. ആസാദ്‌ മൂപ്പൻ പ്രവീണിന് ഓട്ടോ റിക്ഷയുടെ താക്കോൽ കൈമാറി. ഭാര്യയും രണ്ടു കുട്ടികളും അടങ്ങുന്ന കുടുംബമാണ് പ്രവീണിന്റേത്.