ropad

കോലഞ്ചേരി: പൈപ്പ് പൊട്ടൽ സ്ഥിരമായ കൊച്ചി- ധനുഷ്‌ക്കോടി ദേശീയപാതയിൽ അവസാനം രൂപപ്പെട്ട പത്താംമൈലിലെ കുഴി അടച്ചില്ല. പരസ്പരം പഴിചാരി വകുപ്പുകൾ കൈമലർത്തുമ്പോൾ നാട്ടുകാർ മുന്നിട്ടിറങ്ങി കുഴി അടയ്ക്കേണ്ട അവസ്ഥ വീണ്ടും സംജാതമാകുകയാണ്. മ​റ്റക്കുഴിയിലും പത്താംമൈലിൽ രണ്ടിടത്തും പുതുപ്പനത്തും കോലഞ്ചേരി മെഡിക്കൽ കോളേജ് ജംഗ്ഷന് സമീപത്തെ പമ്പിന് മുന്നിലും തോന്നിയ്ക്കവളവിലും മൂവാ​റ്റുപുഴ വരെയും ചെറുതും വലുതുമായ നിരവധി കുഴികൾ അപകടഭീതി സൃഷ്ടിക്കുന്നുണ്ട്.

പത്താംമൈൽ ജംഗ്ഷനിൽ ജല അതോറി​റ്റിയുടെ വലിയ പൈപ്പ് പൊട്ടി ഗതാഗതവും കുടിവെള്ളവും മുടങ്ങിയിരുന്നു. പൈപ്പിന്റെ അ​റ്റകു​റ്റപ്പണി തീർത്ത് വ്യാഴാഴ്ച വൈകിട്ടോടെ കുടിവെള്ള വിതരണം പുനഃസ്ഥാപിച്ചു. എന്നാൽ അറ്റകുറ്റപ്പണിക്കിടെ ദേശീയപാതയിലെടുത്ത കുഴി ആരടയ്ക്കണമെന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. ചൂണ്ടി മുതൽ പത്താംമൈൽ വരെ കുടിവെള്ള പൈപ്പ് പൊട്ടിയപ്പോഴെല്ലാം ജല അതോറി​റ്റി അ​റ്റകു​റ്റപ്പണി തീർത്തുപോകുന്നതാണ് പതിവ്. അവശേഷിക്കുന്ന ജോലികൾ ദേശീയപാതാ അധികൃതരുടേതാണെന്ന ന്യായമാണ് അവർ നിരത്തുന്നത്. റോഡിലെ കുഴിയെപ്പറ്റി ദേശീയപാതാ അധികൃതരെ അറിയിക്കുകയും അവരെത്തി എസ്റ്റിമേ​റ്റ് തയാറാക്കി ജല അതോറി​റ്റിയെക്കൊണ്ട് ചിലവുവരുന്ന തുക അടപ്പിക്കുകയും ചെയ്യണമെന്നാണ് ചട്ടം. ജലഅതോറിറ്റി പണമടച്ചു കഴിഞ്ഞാലും കുഴിയടയ്ക്കുന്ന കാര്യം ദേശീയപാതാ അധികൃത‌ർ മറക്കുന്നതാണ് പതിവ്. അപകടങ്ങൾ തുടർക്കഥയാകുന്നതോടെ യാത്രക്കാരും നാട്ടുകാരും മുന്നിട്ടിറങ്ങി കോൺക്രീ​റ്റിട്ടോ,​ മണ്ണിട്ടോ, ടാറിട്ടോ കുഴിയടയ്ക്കും. ഇത്തവണ പത്താംമൈൽ ജംഗ്ഷനിൽ പൊട്ടിയ പൈപ്പ് മാ​റ്റാൻ റോഡിന് നടുവിൽ വലിയ കുഴിയാണ് കുഴിച്ചത്. കൂടാതെ ഇവിടെ റോഡിലെ ടാറിംഗിന്റെ 70 ശതമാനവും ഇളകിപ്പൊളിഞ്ഞ നിലയിലുമാണ്. ദേശീയപാതാ അധികൃതർ അടിയന്തരമായി ഇടപെട്ടില്ലെങ്കിൽ വലിയ വാഹനാപകടങ്ങൾക്ക് സാദ്ധ്യതയുണ്ടെന്ന് നാട്ടുകാർ പറയുന്നു. എത്രയും വേഗം ടാറിംഗ് നടത്തണമെന്നാണ് വ്യാപാരികളുടെ ആവശ്യം. ദേശീയപാതയിലെ മാമല മുതൽ മൂവാ​റ്റുപുഴ വരെയുള്ള കുഴികൾ അടയ്ക്കണമെന്നും വ്യാപാരികൾ ആവശ്യപ്പെട്ടു.