
മഴയിൽ കുലകൾ മുരടിച്ചു
വില കൂടിയിട്ടും പ്രിയം തന്നെ
കൊച്ചി: ഓണക്കാലം അടുത്തതോടെ കായ വറുക്കൽ ആരംഭിച്ചെങ്കിലും നാടൻ നേന്ത്രക്കായ കിട്ടാനില്ല. കാലവർഷത്തിനു മുമ്പും ഈ മാസം ആദ്യവും പെയ്ത കനത്ത പേമാരിയാണ് വാഴക്കൃഷി വ്യാപകമായി നശിച്ചതും വെള്ളക്കെട്ടു മൂലം വാഴക്കുലകളുടെ വളർച്ച മുരടിച്ചതും പ്രതിസന്ധിയായി.
പ്രാദേശികതലത്തിൽ സൊസൈറ്റികൾ വഴിയാണ് കുലകൾ വിറ്റഴിക്കുന്നത്. കാണാൻ ഭംഗി കുറവാണെങ്കിലും നാടൻ കായയ്ക്ക് വൻ പ്രിയമാണ്. മറുനാടൻ കായയെക്കാൾ കിലോയ്ക്ക് 10 -15 രൂപ വരെ വില കൂടുതലുമാണ്. കഴിഞ്ഞ ദിവസം വില 65 രൂപയായി. അതേസമയം മറുനാടൻ കായ മൊത്തവിപണിയിൽ കഴിഞ്ഞ ദിവസം 52- 56 രൂപയ്ക്കാണ് വിറ്റത്. മുൻ വർഷങ്ങളെ അപേക്ഷിച്ച് ഈ ഓണക്കാലത്ത് മറുനാടൻ നേന്ത്രക്കായയ്ക്ക് വില കുറവാണെന്നും കച്ചവടക്കാർ പറയുന്നു.
ആഗസ്റ്റ് ആദ്യ ആഴ്ചയിലുണ്ടായ കനത്ത മഴയിൽ ജില്ലയിൽ 18 കോടിയുടെ കൃഷിനാശം സംഭവിച്ചെന്നാണ് കണക്ക്. റബർ, പച്ചക്കറി, നെല്ല് തുടങ്ങിയ വിളകളെയും പേമാരി ബാധിച്ചെങ്കിലും ഏറ്റവുമധികം നാശം സംഭവിച്ചത് വാഴക്കൃഷിക്കാണ്.
ഉപ്പേരി കച്ചവടം
പൊടിപൊടിക്കുന്നു
തമിഴ്നാട്ടിലെ മേട്ടുപ്പാളയം കായയാണ് ഓണക്കാലത്ത് കേരളത്തിൽ ഏറ്റവും അധികം വിറ്റഴിക്കപ്പെടുന്നത്. ഓണവിപണി കണക്കാക്കി തമിഴ് കർഷകർ നേരത്തെ വാഴക്കൃഷി തുടങ്ങും. കർക്കടകം ഒടുവിൽ ഉപ്പേരി നിർമ്മാണത്തിനായുള്ള നേന്ത്രക്കായ കച്ചവടം ആരംഭിക്കും. സാധാരണയായി മൂന്നോ നാലോ ലേഡ് നേന്ത്രക്കായയാണ് എറണാകുളം മാർക്കറ്റിലെത്തുന്നത്. ഓണക്കാലത്ത് ഇത് ആറു ലോഡായി വർദ്ധിക്കും. ഇക്കാലത്ത് ശരാശരി മുപ്പതിനായിരം കിലോ നേന്ത്രക്കായയാണ് ഒരു ദിവസം വിൽക്കുന്നത്. ഇതിൽ പാതിയും ഉപ്പേരിയ്ക്ക് വേണ്ടിയാണ്.
ഓണക്കാലമാകുമ്പോൾ കോതമംഗലം, പെരുമ്പാവൂർ, പിറവം, കൂത്താട്ടുകുളം, കാലടി മേഖലകളിൽ നിന്ന് ഇടുക്കി, തൃശൂർ, ചാലക്കുടി, കോട്ടയം തുടങ്ങി സമീപജില്ലകളിൽ നിന്നും എറണാകുളം മാർക്കറ്റിലേക്ക് നാടൻ നേന്ത്രക്കായയുടെ ഒഴുക്ക് ഉണ്ടാകാറുണ്ട്. ഇത്തവണ മറ്റു ജില്ലകളിൽ നിന്നും ഇവിടേക്ക് കാര്യമായി നേന്ത്രക്കായ എത്തിയിട്ടില്ല.
എൻ.എ. ബോണി
നേന്ത്രക്കച്ചവടം
എറണാകുളം മാർക്കറ്റ്