
പള്ളുരുത്തി: അത്തമെത്തുന്നതിന് മുമ്പേ തന്നെ പൂവിളിയുമായി പൂക്കളെത്തിത്തുടങ്ങി. ഇക്കുറിയും അന്യസംസ്ഥാന പൂക്കൾ സ്ഥാനം പിടിച്ചു കഴിഞ്ഞു. അത്തമെത്തുന്നതോടെ തെരുവ് വീഥികളിൽ പൂക്കാലത്തിന്റെ പ്രതീതിയുമായി കൂടുതൽ അന്യസംസ്ഥാന പുഷ്പങ്ങളെത്തും.
ഓണത്തിന് പൂക്കളമിടാൻ മലയാളികൾ ഇത്തവണയും അന്യസംസ്ഥാന പൂക്കളെ തേടേണ്ടി വരും. അത്തം മുതൽ പടിഞ്ഞാറൻ കൊച്ചിയുടെ തെരുവോര വീഥികൾ അന്യസംസ്ഥാനക്കാരായ പൂകച്ചവടക്കാരെ കൊണ്ട് നിറയും. പള്ളുരുത്തി വെളി, തോപ്പുംപടി, മട്ടാഞ്ചേരി തുടങ്ങിയ സ്ഥലങ്ങളിലാണ് ഇവർ കൂടുതലും കച്ചവടം നടത്തുന്നത്.
പൂക്കൾക്ക് തീപിടിക്കുന്ന വിലയാണിപ്പോഴും. ചെണ്ടുമല്ലി പൂവിന് കിലോ 150 രൂപയാണ്. അത്തം എത്തുന്നതോടെ ഇത് 200 ആയി ഉയരും. ആസ്റ്റർ - 300, വാടാർ മല്ലി- 300, മഞ്ഞ, ചുവപ്പ് ജമന്തി - 200, ബട്ടൻ റോസ്-400, മുല്ല മുഴം 50 ആയി ഉയർന്നു.
ബാംഗ്ലൂർ, ദിണ്ടിക്കൽ, കോയമ്പത്തൂർ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നാണ് പൂക്കൾ വൻതോതിൽ കേരളത്തിൽ എത്തുന്നത്. മുൻ കാലങ്ങളിൽ വീടുകളിൽ മുല്ല പൂവ് കൃഷി ചെയ്ത് കൊച്ചിയിലെ പൂകടകളിൽ വരുമായിരുന്നെങ്കിലും വില കുത്തനെ കൂടുതൽ തന്നെയാവും.
അത്തത്തിന് പൂക്കളമിടാൻ തുടക്കം കുറിക്കുന്ന തുമ്പപൂവ് വീടുകളിൽ കണി കാണാനില്ലാത്ത സ്ഥിതിയാണ്. തമിഴ്നാടുകളിൽ മഴ കനത്താൽ പൂക്കൾക്ക് വില ഇനിയും വർദ്ധിക്കുമെന്നാണ് പള്ളുരുത്തി വെളിയിൽ പൂവ് വ്യാപാരം നടത്തുന്ന രാജു, ബാബു വെളിയത്ത് എന്നിവർ പറയുന്നത്.
വീടുകളിൽ പച്ചക്കറി കൃഷി വർദ്ധിച്ചതിനാൽ പൂക്കൾ കൃഷി ഇല്ലാത്ത സ്ഥിതിയാണ്. കിറ്റുകളിൽ പലതരം പൂക്കൾ 50 രൂപക്ക് നൽകിയിരുന്നത് ഇത്തവണ വില വർദ്ധിക്കാനാണ് സാദ്ധ്യത. എറണാകുളം പരമാര ക്ഷേത്രത്തിനു സമീപമാണ് വൻതോതിൽ മറുനാടൻ പൂക്കൾ മൊത്ത വ്യാപാരമായി നടക്കുന്നത്.