
ആലുവ: കൊച്ചി മെട്രോയുടെ മുട്ടം യാർഡിന് പിന്നിൽ കുന്നത്തേരി–കമ്പനിപ്പടി റോഡിൽ ചവർപാടം ഭാഗത്ത് അനധികൃത 'മാലിന്യയാർഡ്' ജനങ്ങൾക്ക് ദുരിതമായിട്ടും അധികൃതർക്ക് കുലുക്കമില്ല. ചൂർണ്ണിക്കര ഗ്രാമപഞ്ചായത്തിലെ പ്രധാന പാതകളിലൊന്നാണ് മാലിന്യ സംഭരണ കേന്ദ്രമായി മാറിയ കുന്നത്തേരി–കമ്പനിപ്പടി റോഡ്.
റോഡിൽ മാലിന്യക്കൂമ്പാരം നിറഞ്ഞതിനാൽ കാൽനട സഞ്ചാരം ദുസഹമായിരിക്കുകയാണ്. മാലിന്യ സഞ്ചികളുടെ എണ്ണം ദിനംപ്രതി പെരുകുകയാണ്. ഇതോടെ പരിസരമാകെ ദുർഗന്ധം രൂക്ഷമായി. മൂക്ക് പൊത്താതെ നടക്കാൻ പറ്റാത്ത സ്ഥിതിയാണ്. അറവ് മാലിന്യം, കോഴിക്കടകളിലെ മാലിന്യം, ഹോട്ടൽ മാലിന്യം തുടങ്ങിയവയും ഇവിടെ നിക്ഷേപിക്കുന്നുണ്ട്. അതിനാൽ തെരുവ് നായ്ക്കളുടെ ശല്യവും വർദ്ധിച്ചു. ഒറ്റപ്പെട്ട യാത്രക്കാരെ തെരുവ് നായ്ക്കൾ ആക്രമിക്കുന്നത് പതിവാണ്.
പതിറ്റാണ്ടുകളോളം കൃഷി നിലച്ചുകിടന്നിരുന്ന ചവർപാടത്ത് ഏതാനും വർഷങ്ങൾക്ക് മുമ്പ് യുവാക്കളുടെ കൂട്ടായ്മ കൃഷി പുനരാരംഭിച്ചിരുന്നു. ഇതിന്റെ ഭാഗമായി റോഡ് സൈഡിൽ പൂക്കൃഷിയും നടത്തിയിരുന്നു. ഇതോടെ നിരവധിയാളുകൾ വൈകുന്നേരങ്ങളിൽ ഇവിടേയ്ക്ക് എത്തിയിരുന്നു. ഇതേത്തുടർന്ന് ജില്ലാ പഞ്ചായത്ത് ലക്ഷങ്ങൾ മുടക്കി റോഡ് നവീകരിക്കുകയും ചെയ്തു. ഇരുവശവും ടൈൽവിരിച്ച് മനോഹരമാക്കി. ഇരിക്കാൻ ബഞ്ചുകളും സ്ഥാപിച്ചു. കൊവിഡ് കാലത്ത് കൃഷി മുടങ്ങിയതോടെയാണ് മാലിന്യപ്രശ്‌നം വീണ്ടും തലപൊക്കിയത്.
ദേശീയപാതയിൽ മാലിന്യം നിക്ഷേപിക്കുന്നവരെ കണ്ടെത്താൻ പഞ്ചായത്ത് സി.സി ടി.വി കാമറകൾ സ്ഥാപിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് മാലിന്യനിക്ഷേപം പഞ്ചായത്ത് റോഡുകളിലേക്ക് മാറിയത്. മാലിന്യനീക്കം ചെയ്യുന്നതിന് അടിയന്തര നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.